ലോക്‌സഭയില്‍ മുസ്‌ലിം അധിക്ഷേപം നടത്തിയ എം. പിക്ക് ബി. ജെ. പിയുടെ തെരഞ്ഞെടുപ്പ് ചുമതല

ജയ്പൂര്‍- ബഹുജന്‍ സമാജ് പാര്‍ട്ടി എം. പി ഡാനിഷ് അലിക്കെതിരെ ലോക്‌സഭയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി വിവാദം സൃഷ്ടിച്ച ബി. ജെ. പി പാര്‍ലമെന്റ് അംഗം രമേഷ് ബിധുരിയെ രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റേത് ഉള്‍പ്പെടെ നാല് നിയമസഭാ സീറ്റുകളുള്ള ജില്ലയില്‍ ഗുര്‍ജര്‍ സമുദായം വന്‍തോതില്‍ ഉള്ളതിനാലാണ് അതേ ജാതിയില്‍ നിന്നുള്ള ബിധുരിക്ക് ചുമതല നല്‍കിയതെന്നാണ് ബി. ജെ. പി പറയുന്നത്. ഗുര്‍ജാര്‍ സമുദായക്കാരനാണ് സച്ചിന്‍ പൈലറ്റും. 

മീനാസും മുസ്‌ലിംകളുമാണ് ജില്ലയിലെ മറ്റു രണ്ടു വലിയ സമുദായങ്ങള്‍. 2018ല്‍ ടോങ്ക് അസംബ്ലി സീറ്റില്‍ നിന്നാണ് പൈലറ്റ് തിരഞ്ഞെടുക്കപ്പെട്ടത്.

ലോക്‌സഭയില്‍ അലിയെ ലക്ഷ്യമിട്ട് ബിധുരി നടത്തിയ അപകീര്‍ത്തികരമായ വാക്കുകളെത്തുടര്‍ന്ന് അദ്ദേഹത്തെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ ദല്‍ഹിയില്‍ നിന്നുള്ള ബി ജെ പി എം പിക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി എം പിമാരെ വിന്യസിക്കുന്നത് പതിവാണെന്നും മുന്‍ തെരഞ്ഞെടുപ്പുകളില്‍ ബിധുരിയെ ഉപയോഗിച്ചിട്ടുണ്ടെന്നും ബി. ജെ. പി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബിധുരിക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയതിന് പ്രതിപക്ഷ നേതാക്കള്‍ ബി. ജെ. പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ബിധുരിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ടി. എം. സി, എന്‍. സി. പി തുടങ്ങി നിരവധി അംഗങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചിരുന്നു.

Latest News