Sorry, you need to enable JavaScript to visit this website.

നബി ദിനത്തില്‍ ഹരിത പതാക; യു.പി ഗ്രാമത്തില്‍ സംഘര്‍ഷം

ബഹ്‌റൈച്ച്-നബിദിനാഘോഷത്തിന്റെ ഭാഗമായി മുസ്ലിം യുവാക്കള്‍ വീടിന് പുറത്തുള്ള തൂണുകളിലും ക്ഷേത്രത്തിനു സമീപവും പച്ച പതാക സ്ഥാപിക്കുന്നതില്‍ ഹിന്ദു സമുദായത്തിലെ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിഷേശ്വര്‍ഗഞ്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ.
തന്റെ വീടിന് നേരെ കല്ലേറുണ്ടായെന്നും അനുരാഗ് ജയ്‌സ്വാള്‍ എന്നയാള്‍ക്ക് പരിക്കേറ്റുവെന്നുമുള്ള ഗുഡ്ഡു ജയ്‌സ്വാളിന്റെ പരാതിയില്‍ രണ്ട് ഡസന്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
18 നും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ നബിദിനം പ്രമാണിച്ച് മാര്‍ക്കറ്റില്‍ പതാകകള്‍ സ്ഥാപിക്കുകയായിരുന്നുവെന്ന് വിശേശ്വര്‍ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വികാസ് വര്‍മ പറഞ്ഞു.
അതേസമയം, ക്ഷത്രത്തില്‍ പച്ച  പതാക ഉയര്‍ത്തിയതായി ഗ്രാമവാസികള്‍ ആരോപിക്കുന്നു. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍, ക്ഷേത്രത്തിന് മുന്നിലെ തൂണില്‍ ഒരു വശത്തും ഒരു വ്യക്തിയുടെ വീട്ടില്‍ നിന്ന് മറുവശത്തും കയറുകള്‍ ഉപയോഗിച്ച് ബാനറും പതാകകളും സ്ഥാപിച്ചിരിക്കുന്നതാണ് കണ്ടതെന്ന് എസ്.ഐ പറഞ്ഞു.  
നബിദിനാഘോഷത്തിന്റെ  ബാനറുകളും കൊടികളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഗാംഗ്‌വാള്‍ ബസാര്‍ സ്വദേശിയായ ഗുഡ്ഡു ജയ്‌സ്വാളിന്റെ പരാതിയില്‍ വിശേശ്വര്‍ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍  14 പേര്‍ക്കെതിരെയും അജ്ഞാതരായ മറ്റു 10 പേര്‍ക്കെതിരെയും കേസെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബര്‍കൗ, ഷാരൂഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും എസ്.ഐ. വികാസ് വര്‍മ്മ പറഞ്ഞു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിശേശ്വര്‍ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘങ്ങള്‍ ഗ്രാമത്തില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.

 

Latest News