തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വ്യാജം, വിശദീകരണവുമായി നിത്യമേനോന്‍

ചെന്നൈ- തമിഴ് നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിത്യ മേനോന്‍. താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്നും ആരാണ് ഇങ്ങനെയൊരു വിവാദം ഉണ്ടാക്കി വിട്ടതെന്ന് പറഞ്ഞുതരണമെന്നും ആവശ്യപ്പെട്ടാണ് നടി രംഗത്ത് വന്നത്. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

'തെറ്റായ വാര്‍ത്ത! തികച്ചും അസത്യം! ഞാന്‍ ഒരു അഭിമുഖവും നല്‍കിയിട്ടില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍, ഈ വിവാദം ആരാണ് ആരംഭിച്ചതെന്ന് എനിക്ക് കാട്ടിത്തരുക. ക്ലിക്കുകള്‍ ലഭിക്കാന്‍ വേണ്ടി ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കിയ ആളുകളെ കണ്ടെത്തേണ്ടതുണ്ട്', നിത്യ എക്‌സില്‍ കുറിച്ചു. ഓണ്‍ലൈന്‍ വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടടക്കം ഉപയോഗിച്ചാണ് നിത്യ പ്രതികരിച്ചത്.

പീഡനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിരസിച്ച നിത്യ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് വാര്‍ത്തകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. അടുത്തിടെ ബസ് ബാസ്‌ക്‌സ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് നിത്യയുമായി അഭിമുഖം നടത്തിയതായും സഹനടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും നടി തുറന്ന് പറഞ്ഞെന്ന് വാര്‍ത്ത നല്‍കിയത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ എല്ലാ മാദ്ധ്യമങ്ങളും ഇത് വാര്‍ത്തയാക്കുകയായിരുന്നു. സംഭവം വൈറലായതോടെയാണ് താന്‍ അങ്ങനെയൊരു അഭിമുഖം നല്‍കിയിട്ടില്ലെന്നും ഓണ്‍ലൈന്‍ മാദ്ധ്യമത്തില്‍ വന്ന വിവരങ്ങള്‍ വ്യജമാണെന്നും കാട്ടി നടി തന്നെ രംഗത്ത് വന്നത്.

 

Latest News