സാരി മാറി ചുരിദാറാകും, എയര്‍ ഇന്ത്യ വനിതാ ക്രൂവിന് പുതിയ യൂണിഫോം വരുന്നു

ന്യൂദല്‍ഹി - വനിതാ ക്യാബിന്‍ ക്രൂവിന്റെ യൂണിഫോമില്‍ മാറ്റം വരുത്താന്‍ എയര്‍ ഇന്ത്യ. 60 വര്‍ഷമായി സാരി ധരിച്ച് കാണുന്ന ക്യാബിന്‍ ക്രൂവിനെ ഇനി ചുരിദാര്‍ പോലെയുള്ള ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങളില്‍ കാണാം. എന്നാല്‍ സാരി പൂര്‍ണമായും ഒഴിവാക്കില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഈ വര്‍ഷം അവസാനത്തോടെ പുതിയ യൂണിഫോം പുറത്തിറക്കും.

പ്രശസ്ത ബോളിവുഡ് ഡിസൈനര്‍ ആയ മനീഷ് മല്‍ഹോത്ര ആണ് എയര്‍ ഇന്ത്യയുടെ വനിത ജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫോം ഡിസൈന്‍ ചെയ്യുന്നത്. സാരികള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കില്ലെന്നും യൂണിഫോമില്‍ റെഡിടുവെയര്‍ സാരികള്‍ ഉള്‍പ്പെടുമെന്നും സൂചനയുണ്ട്. വസ്ത്രധാരണം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് റെഡി ടു വെയര്‍ സാരികള്‍ യൂണിഫോമിന്റെ ഭാഗമാക്കുന്നതെന്ന് പറയപ്പെടുന്നു.

കമ്പനിയുടെ റീബ്രാന്‍ഡിംഗിന്റെ ഭാഗമായി കഴിഞ്ഞ മാസം എയര്‍ ഇന്ത്യ പുതിയ ലോഗോയും പുറത്തിറക്കിയിരുന്നു. എയര്‍ ഇന്ത്യയുടെ ഐക്കണിക് മഹാരാജാ ഭാഗ്യചിഹ്നത്തിന്റെ ആധുനിക രൂപമാണ് പുതിയ ലോഗോയില്‍ ഉള്ളത്. ചുവപ്പ്, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ തീര്‍ത്ത പുതുമയാര്‍ന്ന ഡിസൈന്‍ ആണ് ഈ ലോഗോയുടെ പ്രത്യേകത.

 

Latest News