സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ അനുമതിയില്ലാതെ പരിശോധന: ആവര്‍ത്തിക്കില്ലെന്ന് വിമാന കമ്പനി

മാറ്റ് റാവോസ്

ദോഹ - 2020 ല്‍ ദോഹയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വനിതാ യാത്രക്കാരെ ഗൈനക്കോളജിക്കല്‍ പരിശോധനക്ക് വിധേയരാക്കിയ സംഭവം ആവര്‍ത്തിക്കില്ലെന്ന് ഖത്തര്‍ എയര്‍വേയ്സിന്റെ മുതിര്‍ന്ന എക്സിക്യൂട്ടീവ് മാറ്റ് റാവോസ് ബുധനാഴ്ച ഓസ്ട്രേലിയന്‍ സെനറ്റ് അന്വേഷണ സംഘത്തോട് പറഞ്ഞു.

സിഡ്നിയിലേക്ക് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കയറിയ 13 ഓസ്ട്രേലിയന്‍ വനിതകളുടെ സ്വകാര്യ ഭാഗങ്ങളുടെ പരിശോധനയാണ് ജൂലൈയില്‍ ഓസ്ട്രേലിയയിലേക്കുള്ള അധിക വിമാനങ്ങള്‍ നിരസിക്കാനുള്ള തന്റെ തീരുമാനത്തിന് കാരണമായതെന്ന് ഓസ്ട്രേലിയന്‍ ഗതാഗത മന്ത്രി കാതറിന്‍ കിംഗ് പറഞ്ഞിരുന്നു.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് സംഭവമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്ലോബല്‍ സെയില്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് മാറ്റ് റാവോസ് പറഞ്ഞു.
'ഞങ്ങളുടെ ചരിത്രത്തില്‍ ഇതിനുമുമ്പ് ഞങ്ങള്‍ക്ക് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല, ഇനിയൊരിക്കലും ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണ്,'' റാവോസ് കമ്മിറ്റിയോട് പറഞ്ഞു.

തങ്ങള്‍ ഇത്തരം പെരുമാറ്റത്തിന് വിധേയരാകുമെന്ന് ഭയന്ന സ്ത്രീ യാത്രക്കാര്‍ക്ക് വേണ്ടി ഗ്യാരണ്ടി ആവശ്യപ്പെട്ട സര്‍ക്കാര്‍ സെനറ്റര്‍ ടോണി ഷെല്‍ഡനോട് പ്രതികരിക്കുകയായിരുന്നു റാവോസ്.

ഓസ്ട്രേലിയന്‍ ഫെഡറല്‍ കോടതിയില്‍ അഞ്ച് സ്ത്രീകള്‍ എയര്‍ലൈനിനെതിരെ കേസ് നടത്തുന്നതിനാല്‍ ദോഹ ആസ്ഥാനമായുള്ള എക്സിക്യൂട്ടീവ് സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിസമ്മതിച്ചു.

ദോഹയില്‍നിന്ന് സിഡ്നിയിലേക്കുള്ള വിമാനത്തില്‍നിന്ന് ഗാര്‍ഡുകള്‍ തോക്ക് ചൂണ്ടി തങ്ങളെ ഇറക്കിവിട്ടുവെന്നും സമ്മതമില്ലാതെ തിരച്ചില്‍ നടത്തുകയായിരുന്നുവെന്നും  അഞ്ച് ഓസ്ട്രേലിയന്‍ സ്ത്രീകള്‍ പറയുന്നു. തങ്ങളുടെ പരാതികളോട് ഖത്തര്‍ എയര്‍വേയ്സ് പ്രതികരിച്ചിട്ടില്ലെന്നും മാപ്പ് പറഞ്ഞിട്ടില്ലെന്നും യുവതികള്‍ പറഞ്ഞു.

 

Latest News