Sorry, you need to enable JavaScript to visit this website.

2018 ഓസ്‌കാറിലേക്ക്; ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി പ്രഖ്യാപിച്ചു

കൊച്ചി- അടുത്ത വര്‍ഷത്തേക്കുള്ള ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം '2018 എവരിവണ്‍ ഈസ് എ ഹീറോ' തെരഞ്ഞെടുത്തു. വിദേശഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലേക്കാണ് 2018നെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഓസ്‌കാര്‍ പുരസ്തകാര വിതരണം. മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റായ ചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫാണ്.  കഴിഞ്ഞ ദിവസം സിനിമയിലെ പ്രകടനത്തിന് നടന്‍ ടൊവീനോ തോമസ് മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് അവാര്‍ഡ് സ്വന്തമാക്കി.
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാള ചിത്രമാണ് 2018. മോഹന്‍ലാലിന്റെ ഗുരു, ആദാമിന്റെ മകന്‍ അബു, ജെല്ലിക്കെട്ട് എന്നീ സിനിമകള്‍ക്ക് ശേഷം ഓസ്‌കാറിലേക്കെത്തുന്ന നാലാമത്തെ ചിത്രമാണ് 2018. കാലവസ്ഥ വ്യതിയാനം തുടങ്ങിയ ലോകം നേരിടുന്ന പ്രശ്‌നങ്ങളെ സിനിമയിലൂടെ ഇന്ത്യക്ക് മുന്നോട്ട് വെക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ ഉദ്ദാഹരണമാണ് 2018 സിനിമയെന്ന് എഫ്എഫ്‌ഐ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗുജറാത്തി ചിത്രം ഛെല്ലോ ഷോ ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കാര്‍ വേദിയിലെത്തിയത്.
കേരള ബോക്‌സ്ഓഫീസില്‍ പല റെക്കോര്‍ഡും തിരുത്തിക്കുറിച്ചാണ് 2018  ഓസ്‌കാറിലേക്കും പ്രവേശിക്കുന്നത്. കേരള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോര്‍ഡും 2018 സ്വന്തമാക്കിയിരുന്നു. റിലീസായി 24 ദിവസം കൊണ്ട് 2018  80.11 കോടിയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം സ്വന്തമാക്കിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ നേടിയ 78.5 കോടി കലക്ഷന്‍ 2018 പിന്നിട്ടിരുന്നു. കൂടാതെ 2018ന് ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്കു, കന്നഡ പതിപ്പുകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. 

Latest News