സുന്നി നേതാവ് അബ്ദുൽ റഊഫ് മുസ്‌ലിയാര്‍കാറപകടത്തിൽ മരിച്ചു

സി.പി.അബ്ദുൽ റഊഫ് മുസ്‌ല്യാർ

കണ്ണൂർ- കണ്ണൂർ നഗരത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ പ്രമുഖ സുന്നി നേതാവ് മരിച്ചു. പരിയാരം തിരുവട്ടൂർ സ്വദേശി തളിപ്പറമ്പ് ബദരിയ നഗറിലെ സി.പി.അബ്ദുൽ റഊഫ് മുസ്‌ലിയാരാണ് (66) മരിച്ചത്. ഇന്നലെ പുലർച്ചെ കണ്ണൂർ താണ ദേശീയപാതയിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച കാർ ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഖത്തറിൽ നിന്നും നാട്ടിലേക്കു വരുന്ന മകളെയും കൂട്ടി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മടങ്ങുന്നതിനിടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ കണ്ണൂർ കൊയിലി ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സമസ്ത കേരള ജംഇയത്തുൽ ഉലമ കണ്ണൂർ ജില്ലാ മുശാവറ അംഗവും സുന്നി ജംഇയത്തുൽ മുഅല്ലിമിൻ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അബ്ദുൽ റഊഫ് മുസ്‌ല്യാർ, സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. തളിപ്പറമ്പ് അൽമഖർ പ്രവർത്തക സമിതി അംഗമാണ്. പാനൂർ മോന്താൽ ജുമാ മസ്ജിദ്, പുത്തൂർ മർക്കസ്, മുട്ടം ഹസനുൽ ബസരി ദർസ്, താഴെ ചൊവ്വ ജുമാ മസ്ജിദ്, ചപ്പാരപ്പടവ് ജുമാ മസ്ജിദ്, തളിപ്പറമ്പ് ബാഫഖി മദ്രസ, ബംഗളൂരു മർക്കസ് തുടങ്ങിയ സ്ഥലങ്ങലിൽ ഖത്തീബും മുദരിസുമായി സേവനം അനുഷ്ഠിച്ചു. 
ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുലൈം (അഡ്‌നോക്, അബുദാബി), സുമയ്യ, മുഹമ്മദ് സുറൈജ് സഖാഫി(ഖത്തർ), മുസൈബ, ജുമാന, ഷുഹൈബ്, ശഹബാന. മരുമക്കൾ: ദുജാന, സൈനബ, സിറാജുദ്ദീൻ സുഹ്‌രി, മുബീന, ഹബീബ് കൊട്ടില, സൈനുദ്ദീൻ തളിപ്പറമ്പ് (ഖത്തർ). സഹോദരങ്ങൾ: അബ്ദുസലാം മദനി, അലി ഹസ്സൻ മുസ്‌ല്യാർ, അബ്ദുറഹ്മാൻ സഅദി, അബ്ദുൽ മജീദ് മദനി, ശുക്കൂർ ശഅദി, അബൂബക്കർ സഅദി(ദുബായ്), അബ്ദുൽ ജബ്ബാർ നിസാമി, മുജീബ് സൈനി(ദുബായ്), ഫാത്തിമ, സൈനബ, ഉമ്മു സലമ, റഹ്മത്ത്. ഖബറടക്കം തളിപ്പറമ്പ് ജുമാ മസ്ജിദിൽ നടന്നു. 
           

 

Latest News