കുവൈത്ത് സിറ്റി - കുവൈത്ത് ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അതിക്രമിച്ചുകയറി ചോര്‍ത്തിയ ഡാറ്റ വില്‍ക്കുമെന്ന് ഹാക്കര്‍ ഭീഷണി മുഴക്കി. ഡാറ്റ തിരികെ ലഭിക്കാന്‍ ആഗ്രഹിക്കുന്ന പക്ഷം ഏഴു ദിവസത്തിനകം 15 ബിറ്റ്‌കോയിനുകള്‍ (നാലു ലക്ഷം ഡോളര്‍) കൈമാറണമെന്നാണ് ഹാക്കര്‍ ആവശ്യപ്പെടുന്നത്. നിശ്ചിത സമയത്തിനകം പണം നല്‍കിയില്ലെങ്കില്‍ ഡാറ്റ വില്‍ക്കുമെന്നാണ് ഹാക്കറുടെ ഭീഷണി.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധനമന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ സൂക്ഷിക്കുന്നില്ലെന്ന് മന്ത്രാലയം പറഞ്ഞു. സൈബര്‍ ആക്രമണമുണ്ടായ ആദ്യ ദിവസം തന്നെ ധനമന്ത്രാലയ സിസ്റ്റങ്ങളെ മറ്റു സര്‍ക്കാര്‍ വകുപ്പ് സിസ്റ്റങ്ങളില്‍നിന്ന് വേര്‍പ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സാമ്പത്തിക ഇടപാടുകള്‍ സാധാരണ നിലയില്‍ മുടങ്ങാതെ നടക്കുന്നുണ്ടെന്നും ധനമന്ത്രാലയം പറഞ്ഞു.