ബിഹാര്‍ പീഡനക്കേസ് പ്രതിയുടെ മറ്റൊരു ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് 11 സ്ത്രീകളെ കാണാതായി

മുസഫര്‍പൂര്‍- ബിഹാറില്‍ 32 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ അഭയകേന്ദ്രത്തിന്റെ ഉടമ ബ്രിജേഷ് താക്കുര്‍ നടത്തിയിരുന്ന മറ്റൊരു കേന്ദ്രത്തില്‍നിന്ന് 11 സ്ത്രീകളെ കാണാതായി. ബ്രിജേഷിനെതിരെ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മുസഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ 32 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ കേസില്‍ അറസ്റ്റിലായ ബ്രിജേഷിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കയാണ്.
പീഡനവാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ബ്രിജേഷിന്റെ നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഛോട്ടി കല്യാണിയില്‍ ഇയാള്‍ നടത്തിയിരുന്ന അഭയകേന്ദ്രത്തില്‍നിന്നാണ് 11 സ്ത്രീകളെ കാണാതായത്.  കാണാതായ സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
മുഫസഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടികള്‍ ക്രൂരപീഡനങ്ങള്‍ നേരിട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പോലീസ് 16 പേജ് വരുന്ന ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പോസ്‌കോ കോടതിയിലാണു കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്. ഷെല്‍ട്ടര്‍ ഹോമില്‍ പീഡനത്തിനിരയായ 32 പെണ്‍കുട്ടികളുടെയും മൊഴികള്‍ കുറ്റപത്രത്തിലുണ്ട്. ഇവിടെ നടത്തിയ പരിശോധനയില്‍ 67 ഇനം മരുന്നുകള്‍ കണ്ടെത്തിയെന്നും ഇതില്‍ ചുഴലിക്ക് ഉള്‍പ്പെടെയുള്ള മരുന്നുകളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ബ്രിജേഷിന്റെ നിയന്ത്രണത്തിലുള്ള ഷെല്‍ട്ടര്‍ ഹോം വേശ്യാലയമായാണു പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സംഗീത സാഹ്നി പറഞ്ഞു. ഗര്‍ഭഛിദ്രം നടത്തുന്നതിനായി ഒരു ഓപ്പറേഷന്‍ തിയേറ്ററും ഷെല്‍ട്ടര്‍ ഹോമില്‍ പ്രവര്‍ത്തിച്ചിരുന്നു. പീഡിപ്പിച്ച മൂന്നുപേരെ സംബന്ധിച്ചാണ് പെണ്‍കുട്ടികള്‍ കാര്യമായി മൊഴി നല്‍കിയത്. ഇവരുടെ ശരീര പ്രത്യേകതകളും രൂപവും മാത്രമാണ് പെണ്‍കുട്ടികള്‍ക്കു പോലീസിനോടു വിവരിക്കാന്‍ കഴിഞ്ഞത്. ഇവരില്‍ ഒരാള്‍ ഷെല്‍ട്ടര്‍ ഹോം ഉടമയായ ബ്രിജേഷ് താക്കൂറാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞു.
രാത്രി നഗ്‌നരായി കിടക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഷെല്‍ട്ടര്‍ ഹോമിലെ വനിതാ ജീവനക്കാരി വരെ തങ്ങളെ ലൈംഗീകമായി ഉപയോഗിച്ചിരുന്നെന്നും പെണ്‍കുട്ടികള്‍ പോലീസിനോടു പറഞ്ഞു.
സി.ബി.ഐയുടെ 12 അംഗ സംഘം മുസഫര്‍പൂരില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്. ഷെല്‍ട്ടര്‍ ഹോമില്‍ പരിശോധന നടത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. സംസ്ഥാന മന്ത്രിയുടെ ഭര്‍ത്താവിനെതിരെയും സംഭവത്തില്‍ ആരോപണമുയര്‍ന്നിരുന്നു.

 

Latest News