ന്യൂഡൽഹി - ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാൽകെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്മാൻ (85) അർഹയായി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. അഭിനയമികവിന് 1972-ൽ പദ്മശ്രീയും 2011-ൽ പദ്മഭൂഷണും നൽകി രാജ്യം ഇവരെ ആദരിച്ചിരുന്നു.
തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ടിൽ 1938 ഫെബ്രുവരി മൂന്നിനാണ് വഹീദാ റഹ്മാന്റെ ജനനം. അഞ്ചു പതിറ്റാണ്ടോളമായി ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായ വഹീദാ റഹ്മാൻ നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1955-ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയായിരുന്നു അരങ്ങേറ്റം. ഗൈഡ്, സാഹിബ് ബീബി ഓർ ഗുലാം, പ്യാസ, കാഗസ് കെ ഫൂൽ, ചൗധ്വി കാ ചാന്ദ്, സാഹിബ് ബിബി ഗുലാം തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1965-ൽ പുറത്തിറങ്ങിയ ഗൈഡിലൂടെ ആദ്യ ഫിലിംഫെയർ പുരസ്‌കാരത്തിന് അർഹയായി.1968-ൽ പുറത്തിറങ്ങിയ നീൽകമലിലൂടെ വീണ്ടും ഫിലിംഫെയർ അംഗീകാരം തേടിയെത്തി. നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായ വഹീദ അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ സ്വപ്‌നനായികയായി മാറി.
നൃത്തവും അഭിനയവും ജീവശ്വാസമാക്കിയ നടി, അഭിനയത്തിൽ നിന്നും ഒരിടവേള എടുത്തശേഷം 2002ൽ ഓം ജയ് ജഗദീഷ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും വെള്ളിത്തിരയിലെത്തിയത്.






