ദോഹ- അൽഅഖ്സ മസ്ജിദിൽ കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ. ഇസ്രായേൽ അധിനിവേശ സേനയുടെ സംരക്ഷണത്തിൽ നൂറുകണക്കിന് കുടിയേറ്റക്കാർ അനുഗ്രഹീതമായ അൽഅഖ്സ പള്ളിയുടെ മുറ്റത്ത് ഇരച്ചുകയറിയത് അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും ഖത്തർ വ്യക്തമാക്കി.
അൽഅഖ്സ മസ്ജിദിന്റെ മതപരവും ചരിത്രപരവുമായ പദവിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഫലസ്തീനികൾക്കെതിരെ മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകൾക്ക് നേരെയുള്ള ആക്രമണമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീൻ ജനതക്കും അവരുടെ ഭൂമിക്കും പുണ്യസ്ഥലങ്ങൾക്കും എതിരായ ഈ വ്യവസ്ഥാപിത ആക്രമണ പരമ്പരക്ക് ഇസ്രായേൽ അധിനിവേശ അധികാരികൾ മാത്രമാണ് ഉത്തരവാദികളെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഈ ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടിയെടുക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.






