ദോഹ- ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐഫാഖ്) ലോക ഫാർമസിസ്റ്റ് ദിനാചാരണം സെപ്റ്റംബർ 29 വെള്ളിയാഴ്ച ലാ സിഗേൽ ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യ ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതിൽ ഫാർമസിസ്റ്റുകളുടെ നിർണായക പങ്ക് ഉയർത്തിക്കാട്ടുന്ന ആകർഷകവും വിജ്ഞാനപ്രദവുമായ പരിപാടിയാണ് ദിനചാരണത്തിന്റെ ഭാഗമായി നടക്കുക. ഉച്ചക്ക് 2.30 മുതൽ ഫാർമസിസ്റ്റുകൾക്കുള്ള മൂന്ന് മണിക്കൂർ തുടർ വിദ്യാഭ്യാസ പരിപാടിയുണ്ടാകും.
ലോക ഫാർമസിസ്റ്റ് ദിന പ്രമേയത്തെ കേന്ദ്രീകരിച്ചുള്ള പാനൽ ചർച്ചയിൽ ഹമദ് മെഡിക്കൽ കോർപറേഷനിലെ അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. പി.വി. അബ്ദുൽ റഊഫ്, ഡോ. വെസ്സാം എൽകാസെം, ഖത്തർ സർവകലാശാലയിലെ ഫാർമസി പ്രാക്ടീസ് പ്രൊഫസർ ഡോ. അഹമ്മദ് അവായിസു, പൊതുജനാരോഗ്യ മന്ത്രാലയത്തിലെ (എം.ഒ.പി.എച്ച്) ഡോ. ഇമാദ് മൻസൂർ എന്നിവരുൾപ്പെടെ വിദഗ്ധർ പങ്കെടുക്കും.
വൈകുന്നേരം നടക്കുന്ന സമാപന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും.
എച്ച്.എം.സിയിലെ ഫാർമസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മോസ അൽ ഹെയിൽ, ഖത്തർ യൂനിവേഴ്‌സിറ്റി ഡീൻ പ്രൊഫസർ മുഹമ്മദ് ഇസ്ഹാം, കമ്യൂണിറ്റി പോലീസിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഇബ്രാഹിം റാഷിദ് അൽ സെമൈഹ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഖത്തറിലെ ആദ്യ ഖത്തരി ഫാർമസിസ്റ്റിനെയും സീനിയർ ഇന്ത്യൻ ഫാർമസിസ്റ്റിനെയും ചടങ്ങിൽ ആദരിക്കും. ഖത്തറിലെ ആരോഗ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ഇന്ത്യൻ എംബസി അപെക്‌സ് ബോഡി പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.
ഫാർമസി കമ്യൂണിറ്റിയെ പിന്തുണക്കുകയും മികച്ച ആരോഗ്യ ഫലങ്ങൾ നേടുന്നതിന് മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഐഫാഖ് പ്രോഗ്രാം ലീഡ് വെൽകെയർ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ എം.ഡിയുമായ അഷ്‌റഫ്. കെ.പി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട്, വൈസ് പ്രസിഡന്റ് അക്ബർ. ടി.പി, ട്രഷറർ സക്കീർ മുളക്കൽ, അക്കാദമിക് ഹെഡ് ഡോ. ബിന്നി തോമസ്, ട്രൂത്ത് ഫാർമസി ഓപറേഷൻ മാനേജർ ഫാത്തിമ നജ്മുദ്ദീൻ എന്നിവർ പങ്കെടുത്തു.ക്യാപ്
ഐഫാഖ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.






