Sorry, you need to enable JavaScript to visit this website.

യു.പിയുടെ മനഃസാക്ഷിയെ പിടിച്ചുലക്കേണ്ട സംഭവം; മുസ്ലിം വിദ്യാര്‍ഥിയെ തല്ലിച്ച കേസില്‍ സുപീം കോടതി

ന്യുദൽഹി- ഏഴ് വയസുകാരനായ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം  സംസ്ഥാനത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കേസിൽ അന്വേഷണം നടത്താൻ ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. മുസഫർനഗറിലെ  സ്‌കൂളിലാണ് അധ്യാപിക മറ്റു വിദ്യാർഥികളെ കൊണ്ട് സഹപാഠിയെ തല്ലിച്ചത്.

ഇരയ്ക്കും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ കൗൺസിലർമാരുടെ കൗൺസിലിംഗ് നടത്താനും സുപ്രീം കോടതി യുപി സർക്കാരിനോട് നിർദ്ദേശിച്ചു.

ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലെ ഖുബ്ബപൂർ ഗ്രാമത്തിലെ സ്കുളിൽ കഴിഞ്ഞ മാസമാണ് അധ്യാപികയുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾ ഏഴു വയസ്സുകാരനെ ആവർത്തിച്ച് തല്ലിയത്. ഇതിന്റെ വീഡിയോ വൈറലായിരുന്നു. ഏഴുവയസ്സുകാരന്റെ മതം പരാമർശിച്ചുകൊണ്ട് അവനെ  അടിക്കാൻ അധ്യാപിക വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതായിരുന്നു വീഡോയ. 

"ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. ഒരു പ്രത്യേക സമുദായത്തിൽ പെട്ടവനായതിനാൽ സഹപാഠിയെ തല്ലാൻ അധ്യാപകൻ വിദ്യാർത്ഥികളോട് പറയുന്നു. ഇത് ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണോ? കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണം. ആരോപണങ്ങൾ ശരിയാണെങ്കിൽ, ഇത് സംസ്ഥാനത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലക്കേണ്ടതാണ്-ജസ്റ്റിസ് അഭയ് എസ് ഓക്ക പറഞ്ഞു,

സംഭവം സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി, എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ കാലതാമസത്തെയും ഇരയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങൾ ഒഴിവാക്കിയതിനെയും ചോദ്യം ചെയ്തു.

വിദ്യാർത്ഥികൾക്ക് ശാരീരികവും മാനസികവുമായ ഉപദ്രവവും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനവും തടയുന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിൽ യുപി സർക്കാരിന് പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടായെന്നും ജസ്റ്റിസ് പങ്കജ് മിത്തൽ അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.

സ്‌കൂൾ പ്രിൻസിപ്പൽ കൂടിയായ അധ്യാപിക ത്രിപ്ത ത്യാഗിക്കെതിരെ ഐപിസി സെക്ഷൻ 323 ,504  എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെങ്കിലും  അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവം വ്യാപക രോഷത്തിന് ഇടയാക്കിയതിന് പിന്നാലെ, സംഭവത്തിൽ വർഗീയ വശമില്ലെന്ന് പറഞ്ഞ് അധ്യാപിക വീഡിയോ പുറത്തുവിട്ടിരുന്നു.

Latest News