റിയാദ് - തൊഴിൽ കേസുകൾ കൈകാര്യം ചെയ്യാൻ നീതിന്യായ മന്ത്രാലയത്തിനു കീഴിൽ പുതുതായി സ്ഥാപിക്കുന്നത് മോഡൽ ഡിജിറ്റൽ കോടതികളാകുമെന്ന് നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റുമായ ശൈഖ് ഡോ. വലീദ് അൽസ്വംആനി പറഞ്ഞു. റിയാദിൽ ജസ്റ്റിസ് ട്രെയിനിംഗ് സെന്ററിൽ ലേബർ കോടതി ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത വർഷാദ്യം ഏഴു പ്രവിശ്യകളിലും നഗരങ്ങളിലും ലേബർ കോടതികൾ പ്രവർത്തനം ആരംഭിക്കും.
കടലാസുകളും സീലുകളുമില്ലാതെ പ്രവർത്തിക്കുന്ന ഡിജിറ്റൽ കോടതികൾ കുറഞ്ഞ സമയത്തിനുള്ളിൽ കേസുകളിൽ തീർപ്പ് കൽപിക്കുന്നതിന് സഹായിക്കും. രാജ്യത്തെ മുഴുവൻ കോടതികൾക്കും മാതൃകയാകും പുതിയ തൊഴിൽ കോടതികളെന്നും മന്ത്രി പറഞ്ഞു.
ലേബർ കോടതി ജഡ്ജിമാരുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനാണ് നീതിന്യായ മന്ത്രാലയം ശ്രമിക്കുന്നത്. യോഗ്യതയുടെയും പരിചയസമ്പത്തിന്റെയും അടിസ്ഥാനത്തിൽ സൂക്ഷ്മമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ലേബർ കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത്. ആദ്യ ഘട്ടത്തിൽ റിയാദ്, മക്ക, ജിദ്ദ, അബഹ, ദമാം, ബുറൈദ, മദീന എന്നിവിടങ്ങളിലാണ് ലേബർ കോടതികൾ ആരംഭിക്കുക. ഇവക്കു പുറമെ മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും ജനറൽ കോടതികളിൽ തൊഴിൽ കേസുകൾക്ക് 27 ബെഞ്ചുകളും സ്ഥാപിക്കും. ആറു അപ്പീൽ കോടതികളിൽ തൊഴിൽ കേസുകൾക്ക് ഒമ്പതു മൂന്നംഗ ബെഞ്ചുകളും സ്ഥാപിക്കുമെന്ന് നീതിന്യായ മന്ത്രി പറഞ്ഞു.
നിലവിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ലേബർ ഓഫീസുകളിലെ തൊഴിൽ തർക്ക പരിഹാര സമിതികളാണ് ലേബർ കോടതികളെ പോലെ പ്രവർത്തിക്കുന്നത്. നീതിന്യായ മേഖലയിൽ നടപ്പാക്കുന്ന പരിഷ്കരണങ്ങളുടെ ഭാഗമായി തൊഴിൽ കേസുകൾക്ക് നീതിന്യായ മന്ത്രാലയത്തിനു കീഴിൽ പ്രത്യേക കോടതികളും ബെഞ്ചുകളും സ്ഥാപിക്കുന്നതിനാണ് തീരുമാനം. വാണിജ്യ കേസുകൾക്ക് മാത്രമായി വാണിജ്യ കോടതികൾ സ്ഥാപിക്കുന്നതിനും തീരുമാനമുണ്ട്. തൊഴിൽ, വാണിജ്യ കേസുകളിൽ വേഗത്തിൽ തീർപ്പ് കൽപിക്കുന്നതിന് പുതിയ പരിഷ്കരണങ്ങൾ സഹായിക്കും. നിലവിൽ എതിർ കക്ഷികൾ കരുതിക്കൂട്ടി ഹാജരാകാത്തതുമൂലം ചില തൊഴിൽ കേസുകളിൽ വിചാരണ പൂർത്തിയാക്കുന്നതിന് വർഷങ്ങളെടുക്കുന്നുണ്ട്. പുതിയ കോടതികൾ നിലവിൽ വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് അന്ത്യമാകുമെന്നാണ് കരുതുന്നത്.