സൗദി യുവതിയെ പീഡിപ്പിച്ച കേസില്‍ മല്ലു ട്രാവലര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

കൊച്ചി - സൗദി യുവതിയെ പീഡിപ്പിച്ച കേസില്‍ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഷാക്കിര്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദേശം. ഷാക്കിര്‍ സുബ്ഹാന്‍ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി. പരാതിയില്‍ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സൗദി വനിതയുടെ പരാതി. രണ്ടാഴ്ച മുന്‍പാണ് സംഭവം നടന്നത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും എന്ന് പരാതിയില്‍ പറയുന്നു. താന്‍ കാനഡയിലാണെന്നാണ് പരാതിയെക്കുറിച്ച് അറിഞ്ഞ ഉടന്‍ മല്ലുട്രാവലര്‍ പറഞ്ഞത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തുന്നുണ്ട്. 

 

Latest News