Sorry, you need to enable JavaScript to visit this website.

ആർക്കൊപ്പമാണ് ലീഗ് നേതൃത്വം? പാർട്ടി തള്ളിയിട്ടും കെ.എം ഷാജിക്കായി ശബ്ദിച്ച് മുതിർന്ന നേതാക്കൾ

കോഴിക്കോട് - മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടത്തിയ വിവാദ പരാമർശം പാർട്ടി ജനറൽസെക്രട്ടറി തള്ളിയെങ്കിലും ഷാജിയെ ന്യായീകരിച്ചും സർക്കാർ നടപടിയെ വിമർശിച്ചും കൂടുതൽ ലീഗ് നേതാക്കൾ രംഗത്ത്.
 ഇന്നലെ പാർട്ടി ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം ഷാജിയുടെ വാക്കുകൾ പരസ്യമായി തള്ളുകയും പാർട്ടി നിലപാടല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് പിന്നാലെ പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരാളും മുൻ ജനറൽസെക്രട്ടറിയുമായ കെ.പി.എ മജീദ് എം.എൽ.എ ഷാജിയുടെ പ്രസംഗത്തെ ന്യായീകരിച്ചും വനിതാ കമ്മിഷൻ നപടിയെ ശക്തമായി വിമർശിച്ചും രംഗത്തുവരികയായിരുന്നു. താൻ വേദിയിലിരിക്കെയാണ് ഷാജിയുടെ പ്രസംഗമെന്നും അതിൽ കേസെടുക്കാനെന്തുണ്ടെന്നും ചോദിച്ചായിരുന്നു വിമർശം.
 തുടർന്ന് ഇന്ന് മുൻ മന്ത്രിമാരും പാർട്ടിയിലെ മുതിർന്ന നേതാക്കളുമായ ഡോ. എം.കെ മുനീർ, പി.കെ അബ്ദുറബ്ബ് അടക്കമുള്ളവർ ഷാജിക്കെതിരായ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തുവരികയുണ്ടായി. ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ കെ.എം ഷാജിക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തിട്ടും പാർട്ടി ജനറൽസെക്രട്ടറി പി.എം.എ സലാം, ഷാജിയെ തള്ളപ്പറഞ്ഞത് പാർട്ടിക്കകത്ത് പലരും ചോദ്യംചെയ്യുന്നുണ്ട്. സലാം ചെയ്തത് ശരിയായില്ലെന്നാണ് ഇവരുടെ വിമർശം. മുതിർന്ന നേതാക്കളെല്ലാം ഷാജിക്കുവേണ്ടിയും സർക്കാറിന്റെ ഇരട്ടത്താപ്പിനെതിരെയും തിരിയുന്നത് പാർട്ടി ജനറൽസെക്രട്ടറിക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നാണ് പറയുന്നത്. എന്നാൽ, സലാം പറയുന്നത് അദ്ദേഹം ഒറ്റക്കല്ലെന്നും അതിന് പിന്നിൽ ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മൗന സമ്മതമുണ്ടെന്നാണ് അടക്കം പറച്ചിൽ.
 കഴിഞ്ഞദിവസമാണ് മലപ്പുറത്ത് നടന്ന ഒരു പാർട്ടി പൊതുയോഗത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ 'സാധനം' എന്ന് പരാമർശിച്ചതിന് സംസ്ഥാന വനിതാ കമ്മിഷൻ കെ.എം ഷാജിക്കെതിരെ കേസെടുത്തത്. മന്ത്രിക്കെതിരെ ഷാജി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വനിതാ കമ്മിഷൻ നടപടി. അതേസമയം, ഷാജിയുടെ പ്രസ്താവന പാർട്ടി നിലപാടല്ലെന്നും അങ്ങനെ പറയാൻ ഇടയാക്കിയ സാഹചര്യം പരിശോധിക്കുമെന്നായിരുന്നു ഇതോടായി ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചത്. 
 പാർട്ടിക്കകത്തും പുറത്തുമുള്ള ഷാജിയുടെ പല വിമർശങ്ങളും പല നേതാക്കൾക്കും പലപ്പോഴും ദഹനക്കേട് ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ പാർട്ടി സംഘടനാ തെരഞ്ഞെടുപ്പിൽ നിലവിലുള്ള ജനറൽസെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റാൻ ഷാജിയുടെയും മറ്റു മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിൽ വലിയൊരു വികാരം ഉണ്ടായിരുന്നു. എന്നാൽ, കാര്യങ്ങൾ കൈവിട്ട് വോട്ടെടുപ്പിലേക്ക് പോകാതെ, പാണക്കാട് സാദിഖലി തങ്ങളുടെ സമർത്ഥമായ ഇടപെടലിലൂടെ പരുക്കില്ലാതെ ഐകകണ്‌ഠേന ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നു. പാർട്ടിയിലും ഇടത് സർക്കാറിലുമുള്ള പല പുഴുക്കുത്തുകളും തുറന്നടിക്കാൻ പലരും മടിക്കുമ്പോൾ ഷാജി അത് തുറന്നുപറയുന്നത് പലർക്കും പ്രയാസമുണ്ടാക്കുന്നുണ്ടെന്നാണ് ഷാജിയെ പിന്തുണക്കുന്നവരുടെ വാദം. എന്നാൽ, ഷാജിക്ക് പാർട്ടിയിൽ വലിയ റോളില്ലെന്നും മാധ്യമശ്രദ്ധ കിട്ടാൻ എന്തെങ്കിലും അപക്വമായി വിളിച്ചുപറഞ്ഞ് ആളാവാനാണ് ശ്രമിക്കുന്നതെന്നും ഇത്തരം വൈകാരിക പ്രകടനങ്ങൾക്ക് ചൂട്ടുപിടിക്കുന്ന വികാര ജീവികൾ കുറച്ചൊക്കെ ഏത് പാർട്ടിയിലും ഉണ്ടാകില്ലേ എന്നുമാണ് ഷാജി വിമർശകരുടെ പക്ഷം. എന്തായാലും ഷാജിയുടെ പ്രസംഗം പരസ്യമായി പൂർണമായി തള്ളാനും കൊള്ളാനുമാകാത്ത ഒരു പരുവത്തിലാണിപ്പോൾ നേതൃത്വം.
 ഷാജിക്ക് അനുകൂലമായി മുതിർന്ന നേതാക്കളെല്ലാം പരസ്യമായിതന്നെ പ്രതികരിച്ച സാഹചര്യത്തിൽ പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളോ മറ്റോ ഇടപെട്ട്‌ വിഷയത്തിൽ വ്യക്തത വരുത്തി രംഗം തണുപ്പിക്കണമെന്ന് പാർട്ടിക്കകത്ത് ശക്തമായ വികാരമുണ്ട്.

   'സാധനം' എന്ന് കേട്ടതോടെ വനിതാ കമ്മിഷൻ ഞെട്ടിയുണർന്നുവെന്നും ഇരട്ടച്ചങ്കന്റെ വനിതാ കമ്മിഷന് ഹൈസ്പീഡ് ഇരട്ടത്താപ്പാണെന്നുമാണ് പികെ അബ്ദുർറബ്ബ് സമൂഹമാധ്യമത്തിൽ ഷാജിക്കെതിരായ നടപടിയെ വിമർശിച്ചത്.
'പൂതനയെന്ന് കേട്ടിട്ടും, അഭിസാരികയെന്ന് കേട്ടിട്ടും മറ്റേ പണി എന്ന് കേട്ടിട്ടും പാലത്തായി എന്ന് കേട്ടിട്ടും വാളയാർ എന്ന് കേട്ടിട്ടും; അവസാനം സിനിമാ നടൻ അലൻസിയർ വരെ വന്ന് വിളിച്ചുണർത്താൻ നോക്കിയിട്ടും ഉണരാത്ത വനിതാ കമ്മിഷനാണ് 'സാധനം' എന്ന് കേട്ടപ്പോൾ ഞെട്ടിയുണർന്നിരിക്കുന്നത്. ഇരട്ടച്ചങ്കന്റെ വനിതാ കമ്മിഷന് ഹൈസ്പീഡ് ഇരട്ടത്താപ്പ്!' എന്നാണ് അബ്ദുറബ്ബിന്റെ പരിഹാസം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഇടതു സർക്കാരിന്റെ നിലപാട് ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന് തുല്യമാണെന്നാണ് ഡോ. എം.കെ മുനീറിന്റെ വിമർശം. കേന്ദ്രത്തിന് ഇഡി എന്നപോലെ കേരളത്തിൽ വനിതാ കമ്മിഷനെയും പോലീസിനെയും പ്രതികാരം തീർക്കാനുള്ള ഉപാധിയാക്കി ഇടതുസർക്കാർ മാറ്റുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 സർക്കാരിനെ വിമർശിക്കുന്നവരെ വേട്ടയാടുകയാണ്. എന്നാൽ, സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളിൽ വിജിലൻസോ ക്രൈംബ്രാഞ്ചോ വനിതാ കമ്മിഷനോ ഇടപെടുന്നില്ല. ഏത് സ്ത്രീപീഡനം ആയാലും അശ്ലീല പരാമർശങ്ങളായാലും സി.പി.എമ്മുകാരെങ്കിൽ ഒരു നടപടിയും ഉണ്ടാകില്ല. അതുകൊണ്ടാണ് എം.എം മണിയും എ വിജയരാഘവനും വി.എസ് അച്യുതാനന്ദനുമൊക്കെ ഒരു പോറലുമേൽക്കാതിരുന്നത്. ഇവരൊക്കെ നടത്തിയ അങ്ങേയറ്റം സ്ത്രീവിരുദ്ധവും ജീർണവുമായ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിലൊക്കെ സർക്കാർ എന്തു ചെയ്‌തെന്നും മുനീർ ചോദിച്ചു. 
 വ്യക്തിപരമായ അവഹേളനത്തിന്റെ തലം ഉണ്ടെന്ന് വിശേഷിപ്പിക്കാൻ ഒർത്ഥത്തിലും കഴിയാത്ത ഒരു പരമാർശത്തിന്റെ പേരിലാണിപ്പോൾ കെ.എം ഷാജിയുടെ പേരിൽ വനിത കമ്മിഷൻ സ്വമേധയാ, യുദ്ധകാലാടിസ്ഥാനത്തിൽ കേസെടുത്തത്. ആരോഗ്യമന്ത്രിക്ക് പോലും ഇത് മറുപടി പറയേണ്ട ഒന്നല്ല എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അവർ പോലും ആ പ്രസ്താവനയെ അമാന്യമായി കാണുന്നില്ലെന്ന് വ്യക്തം. 
 മാത്യു കുഴൽനാടനും മുമ്പ് പി.ടി തോമസുമൊക്കെ സി.പി.എമ്മിൽ നിന്നും നേരിട്ട ആക്രമണങ്ങൾ അവർക്ക് അപ്രിയമായ സത്യങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു. ലൈഫ് പദ്ധതി ക്രമക്കേടുകളെ ചോദ്യം ചെയ്തതാണ് അനിൽ അക്കരെ ഇന്നും വേട്ടയാടപ്പെടാനുള്ള കാരണം. വി.ടി ബൽറാം സി. പി.എമ്മിനാൽ ടാർഗറ്റ് ചെയ്യപ്പെട്ടതും അദ്ദേഹം ശക്തമായ ഭാഷയിൽ ഇടതുപക്ഷത്തിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്തതിനാലാണ്. പ്രതിപക്ഷ നേതാവിന്റേയും പ്രതിപക്ഷത്തെ മുഖ്യ രാഷ്ട്രീയ പാർട്ടിയുടേയും ദൗത്യം ജനങ്ങൾക്ക് വേണ്ടി നിർവഹിച്ചതിനാണ് ഏറ്റവുമൊടുവിൽ വി.ഡി സതീശനും കെ സുധാകരനുമെതിരെ കേസെടുത്തത്. ഇത്തരത്തിൽ ചോദ്യം ചെയ്യുന്ന എല്ലാ മനുഷ്യരേയും നിശബ്ദമാക്കുകയാണ് ഇവരുടെ ലക്ഷ്യം. 
 വിമർശം ഒരു തരത്തിലും അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ഇടതുപക്ഷത്തേയും നേതൃത്വം നല്കുന്ന സി.പി.എമ്മിനേയും നയിക്കുന്ന ചേതോവികാരം. ആരോഗ്യ മന്ത്രിയെ പരാമർശിച്ചാൽ അത് സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാണെന്ന് വ്യാഖ്യാനിക്കുകയാണ്. ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്നവർ ഇങ്ങനെ ചെയ്യുമ്പോൾ സത്യത്തിൽ അത്ഭുതം തോന്നുന്നു. ആരോഗ്യ മന്ത്രി എന്ന് പറയുന്നത് ലിംഗാടിസ്ഥാനത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണോ? അവർ ആ മന്ത്രിസഭയിലെ ഏതൊരു മന്ത്രിയെയും പോലെ തുല്യാവകശാമുള്ള ഒരു വ്യക്തിയാണ് എന്ന വിവേകം പുരോഗമന സമൂഹത്തിനുണ്ട്; എന്നിരിക്കേ, ആരോഗ്യ മന്ത്രിക്കെതിരെ സംസാരിച്ചാൽ അത് സ്ത്രീത്വത്തിനെതിരെയുള്ള നിലപാടായി അത്യുക്തി കലർത്തി അവതരിപ്പിക്കുകയാണ്. ഈ സമീപനം ശരിയായ രീതിയാണോ എന്ന് ഇടതുപക്ഷം ചിന്തിക്കണം.
  ഒരു ഗവണ്മെന്റ് എന്ന നിലയിൽ മന്ത്രിസഭയിലെ മുഖ്യമന്ത്രിയടക്കമുള്ള എല്ലാവരും തുല്യരാണ്. അങ്ങനെയാണ് സമൂഹം കാണുന്നത്. അവിടെ ലിംഗ വ്യതിരിക്തതകൾ പ്രസക്തമാണെന്ന് തോന്നുന്നില്ല. അതത് വകുപ്പുകളുടെ വീഴ്ചകൾ വിമർശിക്കുമ്പോഴും പ്രസ്തുത വകുപ്പിനെ നയിക്കുന്ന വ്യക്തി പരാമർശിക്കപ്പെടുമ്പോഴും മാത്രം ഉണരുന്ന സ്ത്രീപക്ഷ ബോധമല്ലേ യഥാർത്ഥത്തിൽ പൊളിറ്റിക്കലി ഇൻ കറക്റ്റ് ആയിട്ടുള്ളത്. സ്ത്രീത്വമെന്നത് അധികാര രാഷ്ട്രീയത്തിന്റെ ന്യൂനതകളെ പ്രതിരോധിക്കാനുള്ള ടൂൾ മാത്രമായി ദുരുപയോഗം ചെയ്യപ്പെടുന്നത് ശരിയായി തീരുന്നതെങ്ങനെയെന്നും ഡോ. എം.കെ മുനീർ ചോദിച്ചു.

Latest News