Sorry, you need to enable JavaScript to visit this website.

'അനിലിന്റെ ബി.ജെപി പ്രവേശത്തിന് പാർട്ടിയെ മറയാക്കേണ്ട, ഗതി പിടിക്കില്ല'; എ.കെ ആന്റണിയുടെ ഭാര്യയെ തള്ളി കെ മുരളീധരൻ 

തിരുവനന്തപുരം - മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിൽ എലിസബത്ത് ആന്റണിയുടെ തുറന്നുപറച്ചിലിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം.പി. 
 പാർട്ടി വിട്ടുപോകുന്നതും പോകാതിരിക്കുന്നതും ഓരോ വ്യക്തികളുടെയും ഇഷ്ടമാണ്. എന്നാൽ, ബി.ജെപയിലേക്ക് പോയതിന് പാർട്ടിയെ മറയാക്കേണ്ടതില്ല. രാജസ്ഥാൻ ചിന്തൻ ശിബിരിത്തിന്റെ പേരിൽ പാർട്ടി വിട്ടു എന്നതിനോട് യോജിപ്പില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
 രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയം വേണ്ടെന്ന തരത്തിൽ പാർട്ടി തീരുമാനിച്ചിട്ടില്ല. ഒരു കുടുംബത്തിൽനിന്ന് ഒന്നിലധികം ആളുകൾ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകുമ്പോൾ കുടുംബത്തിലെ ഒരാൾക്കേ ഒരേസമയം നൽകാവൂ എന്ന രീതിയിലാണ് ചർച്ചയുണ്ടായത്. 
 എന്തായാലും ഒരു കാര്യം ഉറപ്പാണ്, കേരളത്തിൽ നിന്നും ബി.ജെ.പി ടിക്കറ്റിൽ ജയിച്ച് അനിൽ ആന്റണി എം.പിയോ എം.എൽ.എയോ ആകാൻ പോകുന്നില്ല. സഹായിച്ച വ്യക്തിയെയോ പ്രസ്ഥാനത്തെയോ തിരിഞ്ഞു കൊത്തിയാൽ ഇഹലോകത്തു മാത്രമല്ല, പരലോകത്തും ഗതി കിട്ടില്ലെന്നാണു അമ്മ തന്നെ പഠിപ്പിച്ചത്. ബി.ജെ.പിയെക്കുറിച്ചു കോൺഗ്രസിന് ഒറ്റ ധാരണ മാത്രമാണുള്ളത്. അത് വളരെ കൃത്യമാണ്. രാജ്യത്തിന്റെ മതേതരത്വം തകർക്കുന്നവരാണ് ബി.ജെ.പി. മണിപ്പുരിലെ ക്രൈസ്തവ വിഭാഗത്തെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണവർ. നേരത്തെ ഗുജറാത്തിലെ വശംഹത്യ അടക്കം നാം മറന്നുകൂടാ. അങ്ങനെയുള്ളവർക്കൊന്നും പൊതുസമൂഹത്തിന്റെ അംഗീകാരം കേരളത്തിൽ കിട്ടില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.
  അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശത്തിന് കൃപാസനം വൈദികനിൽനിന്ന് പച്ചക്കൊടി ലഭിച്ചതോടെ ബി.ജെ.പിയോടുള്ള അറപ്പും വെറുപ്പും തീർന്നുവെന്നും അനിലിന്റെ ബി.ജെ.പി പ്രവേശം താൻ അറിഞ്ഞും പ്രാർത്ഥിച്ചുമാണെന്നായിരുന്നു അമ്മ എലിസബത്ത് ആന്റണി പ്രതികരിച്ചത്. കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തെ മറയാക്കി മക്കൾ രാഷ്ട്രീയത്തിന് പാർട്ടിയിൽ സ്‌പേസില്ലെന്നതും അനിലിന്റെ ബി.ജെ.പി പ്രവേശത്തിന് കാരണമായി എലിസബത്ത് ആന്റണി ചൂണ്ടിക്കാട്ടിയിരുന്നു. എലിസബത്തിന്റെ പ്രതികരണത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളാരും പരസ്യ പ്രതികരണത്തിന് മുതിർന്നില്ലെങ്കിലും പ്രസ്താവനയിൽ പാർട്ടി അണികളിലും നേതാക്കളിലും കടുത്ത വിയോജിപ്പും അമർഷവുമാണ് പലർക്കുമുള്ളത്. മുരളീധരൻ മാത്രമാണിത് പരസ്യമായി തുറന്നുപറഞ്ഞതെന്നു മാത്രം. ആന്റണിയുടെ വീട്ടിൽ എത്ര ബി.ജെ.പിക്കാരാണ് ഉള്ളതെന്നു പോലും വിമർശനപരമായി ചില കോൺഗ്രസ് നേതാക്കൾ അടക്കം പറഞ്ഞതായും വിവരമുണ്ട്. ആന്റണിയുടെ നിലപാടുകളെ പോലും സംശയിപ്പിക്കുംവിധമായി ഭാര്യയുടെ പ്രതികരണമെന്നും വിമർശമുണ്ട്. അതേ പോലെ വീട്ടിൽ രാഷ്ട്രീയം പറയേണ്ടെന്ന എ.കെ ആന്റണിയുടെ പേരിലുള്ള അവരുടെ വാക്കുകളും സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
 അതിനിടെ, പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോട്ടയം ഡി.സി.സിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും തമ്മിലുണ്ടായ ഇടച്ചിലിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ മുരളീധരൻ കൂട്ടാക്കിയില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News