കൊടുവള്ളി പെട്രോള്‍ പമ്പ് മോഷണത്തില്‍ ട്വിസ്റ്റ്, നഷ്ടമായത് മുക്കുപണ്ടം

കോഴിക്കോട്- കൊടുവള്ളി പെട്രോള്‍ പമ്പില്‍ നടന്ന മോഷണത്തില്‍ വന്‍ ട്വിസ്റ്റ്. പമ്പിലെ ജീവനക്കാരിയുടെ ബാഗില്‍ നിന്ന് മോഷ്ടിച്ച മാല മുക്കുപണ്ടമാണെന്ന് കണ്ടെത്തി. ബാഗിലുണ്ടായിരുന്ന സ്വര്‍ണമാല യുവതിയുടെ അമ്മ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ ഈ വിവരം യുവതി അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പകരം വച്ച മാലയാണ് മോഷ്ടിച്ചത്.

കൊടുവള്ളിയിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇന്നലെ ഉച്ചക്കായിരുന്നു ഇവര്‍ മോഷണം നടത്തിയത്.

പമ്പിനുള്ളിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന ജീവനക്കാരിയുടെ ബാഗില്‍നിന്ന് മാലയും മൂവായിരം രൂപയുമാണ് മോഷണം പോയത്. വൈകിട്ട് ജോലികഴിഞ്ഞ് ജീവനക്കാരി വീട്ടില്‍പോകാനായി ബാഗ് എടുത്തപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

ഇതോടെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഹാഫ് പാന്റും ടീ ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ മുറിക്കകത്തേക്ക് കയറിവരുന്നതും മോഷണം നടത്തിയശേഷം പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിയാണ് രണ്ടുപേര്‍ പിടിയിലായത്.

 

Latest News