കൊണ്ടോട്ടി-കരിപ്പൂർ വിമാനത്താവളത്തിൽ ഇടത്തരം വിമാനങ്ങളുടെ സർവ്വീസ് ആരംഭിക്കുന്ന അടുത്തമാസം തന്നെ പുതിയ ടെർമിനലും പ്രവർത്തനക്ഷമമാക്കും. ഇടത്തരം വിമാനങ്ങൾക്കുളള അനുമതി ഈ ആഴ്ച ലഭിക്കുമെന്നാണ് കരുതുന്നത്. ഇടത്തരം സർവീസുകൾ സെപ്തംബർ രണ്ടാംവാരത്തിൽ ആരംഭിക്കും. സൗദി എയർലൈൻസ് തിരുവനന്തപുരം സർവ്വീസ് റദ്ദാക്കിയാണ് കരിപ്പൂരിൽനിന്ന് ജിദ്ദ, റിയാദ് മേഖലയിലേക്ക് സർവ്വീസ് ആരംഭിക്കാനിരിക്കുന്നത്. കരിപ്പൂരിൽ 2015 ഏപ്രിലിൽ നിർത്തലാക്കിയ വലിയ വിമാന സർവ്വീസുകളാണ് ഇതോടെ പുനഃസ്ഥാപിക്കപ്പെടുന്നത്. ഇതോടൊപ്പം തന്നെ പുതിയ ടെർമിനലും തുറന്ന് കൊടുക്കാനാണ് തീരുമാനം.
നൂറ് കോടി ചിലവിലാണ് കരിപ്പൂരിൽ പുതിയ ടെർമിനൽ ഒരുക്കുന്നത്. നിലവിലെ ടെർമിനലിനോട് ചേർത്തതോടെ ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വിമാനത്താവള ടെർമിനലെന്ന ഖ്യാതി കരിപ്പൂരിനു സ്വന്തമാകും. 1700 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് പുതിയ ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. സ്റ്റീലും ഗ്ലാസ്സുമാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മുഴുവനായും എയർകണ്ടീഷൻ ചെയ്തിട്ടുമുണ്ട്. ഇരുപത് കസ്റ്റംസ് കൗണ്ടറുകളും, 44 എമിഗ്രേഷൻ കൗണ്ടറുകളുമാണ് പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുളളത്. ഇൻലൈൻ ബാഗേജ് സിസ്റ്റം, ആവശ്യമായ എക്‌സലേറ്റർ,വിമാനത്തിൽനിന്ന് മഴയും മഞ്ഞുമേൽക്കാതെ ടെർമിനലിലെത്താൻ രണ്ട് എയ്‌റോബ്രിഡ്ജുകൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. വിദേശ വിമാനത്താവളങ്ങളിൽ കണ്ടുവരുന്ന അത്യാധുനിക അഞ്ച് കൺവെയർബെൽറ്റുകളാണ് പുതിയ ടെർമിനലിൽ സ്ഥാപിക്കുന്നത്. യാത്രക്കാരന്റെ ബാഗേജ് മിനുട്ടുകൾക്കകം പരിശോധന പൂർത്തിയാക്കാൻ ഇതുവഴിയാവും.
2016-ലാണ് ടെർമിനൽ നിർമ്മാണം ആരംഭിച്ചത്. ഒരുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നത്തിൽ കുരുങ്ങി നിർമ്മാണം നീണ്ടതിനാൽ ടെർമിനൽ യാത്രക്കാർക്ക് തുറന്ന് കൊടുക്കാനായിരുന്നില്ല. നിർമ്മാണത്തിലെ അവസാനവട്ട മിനുക്ക് പണികളാണ് നിലവിൽ പൂർത്തീകരിച്ചുവരുന്നത്. പുതിയ ടെർമിനൽ നിർമ്മാണം പൂർത്തിയാവുന്നതോടെ പഴയ ടെർമിനലും മോടിപിടിപ്പിക്കുന്നുണ്ട്. പ്രതിഷേധങ്ങൾക്കൊടുവിൽ കരിപ്പൂരിൽ നിന്ന് ഇടത്തരം വിമാനങ്ങൾ സർവ്വീസ് ആരംഭിക്കുന്നതോടെ തന്നെ അടുത്തമാസം ടെർമിനലും തുറന്ന് കൊടുക്കാനാണ് തീരുമാനം.