മുംബൈ- അനില്‍ കപൂറും ഐശ്വര്യ റായ് ബച്ചനും ഒന്നിക്കുന്ന പുതിയ ബോളിവുഡ് ചിത്രം ഫന്നെ ഖാനിലെ 'മെരെ അഛെ ദിന്‍ കബ് ആയേംഗേ' എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം നിര്‍മ്മാതാക്കള്‍ വെട്ടിത്തിരുത്തിയത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. 'മെരെ അച്ചെ ദിന്‍ കബ് ആയേംഗെ' എന്ന വരിക്കു പകരം ' മെരെ അഛെ ദിന്‍ ഹെ ആയെ രെ' എന്നാണ് തിരുത്തിയിരിക്കുന്നത്. ഉന്നതങ്ങളില്‍ നിന്നുള്ള വിളികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാട്ടു വെട്ടിയതെന്ന് മിഡ് ഡെ റിപോര്‍ട്ട് ചെയ്യുന്നു. ഈ പാട്ടിന് അനാവശ്യ രാഷ്ട്രീയ നിറം നല്‍കിയിരിക്കുകയാണെന്നും ഇതു മൂലമാണ് കട്ട് വേണ്ടി വന്നതെന്നും സംവിധായകന്‍ അതുല്‍ മഞ്ജ്‌രേക്കര്‍ പറഞ്ഞു. ഒറിജിനല്‍ ഗാനം പിന്‍വലിക്കുന്നതിനെ കുറിച്ചും സിനിമാ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നുണ്ടെന്നും റിപോര്‍്ട്ടുണ്ട്. ഒരു ടാക്‌സി ഡ്രൈവറുടെ ജീവിതവും നല്ല നാളുകളെ കുറിച്ച് അദ്ദേഹം കാണുന്ന സ്വപ്‌നങ്ങളുമാണ് സിനിമ പറയുന്നത്. അനില്‍ കപൂറാണ് ഡ്രൈവറായി അഭിനയിക്കുന്നത്.
'മെരെ അഛെ ദിന്‍ കബ് ആയേംഗേ' എന്ന ഗാനം റിലീസ് ചെയ്ത് ഏറെ താമസിയാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രചാരണായുധമായി മാറിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുദ്രാവാക്യമാണ് 'അഛേ ദിന്‍'. 2014ലെ തെരഞ്ഞെടുപ്പില്‍ മോഡി വാഗ്ദാനം ചെയ്ത 'അഛേ ദിന്‍' വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുത്തിട്ടും എത്തിയിട്ടില്ലെന്ന ബിജെപി സര്‍ക്കാരിനെതിരായ പ്രചാരണത്തിന് ആവേശം പകരുന്നതാണ് ഈ ഗാനം. അഛേ ദിന്‍ എവിടെ എന്നു ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെതിരെ കടന്നാക്രമണം നടക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിച്ച പോലെയാണ് ഈ പാട്ടെത്തിയത്. ട്രോളന്‍മാരും ഈ പാട്ടെടുത്ത് മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നുണ്ട്. ഇതോടെ അപകടം മണത്ത ചില ഉന്നതര്‍ ഇടപെട്ടാണ് നിര്‍മ്മാതാക്കളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് സംശയം ബലപ്പെട്ടിരിക്കുകയാണ്.