അബുദാബി - യു.എ.ഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നയാദിയെ വീട്ടിലെത്തി ആദരിച്ച് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ബഹിരാകാശ നിലയത്തിലെ ആറ് മാസത്തെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ചരിത്രം രചിച്ചതിന് അല്‍ നയാദിനെ കിരീടാവകാശി അഭിനന്ദിച്ചു. നെയാദിയുടെ നേട്ടം യു.എ.ഇക്ക് അഭിമാനമാണെന്നും പറഞ്ഞു.
അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും അതിലൂടെ നേട്ടം കൈവരിക്കാനും ശേഷിയുള്ളവരാണ് യുവാക്കള്‍. അവരുടെ ആത്മവിശ്വാസവും ആത്മാര്‍ഥതയും ഇപ്പോഴിതാ ബഹിരാകാശത്തോളം ഉയര്‍ന്നു. നൂതന സാങ്കേതിക വിദ്യയിലും യു.എ.ഇ കഴിവ് തെളിയിച്ചിരിക്കുന്നു. സ്വദേശി യുവാക്കള്‍ക്ക് പ്രചോദനമാവുകയാണ് നെയാദിയുടെയും ഹസ്സ അല്‍ മന്‍സൂരിയുടെയും നേട്ടങ്ങള്‍. ദൗത്യം വിജയകരമാക്കാന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രം നടത്തിയ പ്രയത്‌നങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.