ഖത്തറില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ 64 പേര്‍ പിടിയില്‍

ദോഹ- ഖത്തറില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ വിവിധ രാജ്യക്കാരായ 64 പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക, സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്തവരില്‍ നിന്നും പിടിച്ചെടുത്ത പണവും ഇലക്ട്രോണിക് ഉപകരണങ്ങളും സഹിതം തട്ടിപ്പുകാരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ വ്യക്തികള്‍ ആള്‍മാറാട്ടം നടത്തുകയും വ്യാജ ബിസിനസുകള്‍ സ്ഥാപിക്കുകയും ചെയ്ത് ഗണ്യമായ ഫണ്ട് അനധികൃതമായി ശേഖരിക്കുന്നതായും രാജ്യത്തിന് പുറത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതായും അധികൃതര്‍ കണ്ടെത്തി.

നാല്‍പത് ലക്ഷം ഖത്തര്‍ റിയാലും മറ്റ് വിദേശ കറന്‍സികളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇവരുടെ പക്കല്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തു.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ആവശ്യമായ നിയമനടപടികള്‍ക്കായി അറസ്റ്റിലായ വ്യക്തികളെയും കണ്ടുകെട്ടിയ വസ്തുക്കളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Latest News