1973 ൽ ആദ്യമായി അഖിലേന്ത്യാ ഇന്റർ യൂനിവേഴ്‌സിറ്റി ഫുട്‌ബോൾ ചാമ്പ്യന്മാർക്കുള്ള സർ അശുതോഷ് മുഖർജി ട്രോഫി നേടിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോച്ചായിരുന്നു കോഴിക്കോട്ടുകാരനായ സി.പി.എം ഉസ്മാൻ കോയ. അദ്ദേഹം പറഞ്ഞ ഒരു കഥയുണ്ട്. അന്നത്തെ ടീമിലെ ഏറ്റവും വേഗമേറിയ സ്‌ട്രൈക്കർ കണ്ണൂർ എസ്.എൻ കോളേജിന്റെയും ബ്രദേഴ്‌സ് ക്ലബ്ബിന്റെയും കളിക്കാരൻ അബ്ദുൽ റഫീഖാണ്. പക്ഷേ റഫീഖിനെ എന്നും റിസർവ് ബെഞ്ചിലാണ് ഉസ്മാൻ കോയ ഇരുത്തുക. റഫീഖിനെ ഇറക്കാൻ കാണികൾ വിളിച്ചു കൂവും. കോച്ച് വഴങ്ങില്ല. കളി തീരാൻ 20-30 മിനിറ്റുള്ളപ്പോൾ റഫീഖ് കളത്തിലിറങ്ങും. ആ ചെറിയ മിനിറ്റുകളിൽ സ്വതഃസിദ്ധമായ വേഗവും ഡ്രിബഌംഗും കൊണ്ട് റഫീഖ് നേടുന്ന ഗോളുകൾ കളി കാലിക്കറ്റിന് അനുകൂലമാക്കും.
കളിക്കാരനെന്ന നിലയിൽ പഠന കാലത്ത് കാഴ്ചവെച്ച ആ പ്രതിഭയോട് പൂർണമായി നീതി ചെയ്യാൻ അബ്ദുൽ റഫീഖിന് സാധിച്ചില്ല. കസ്റ്റംസ് ആന്റ് സെൻട്രൽ എക്‌സൈസിന് കളിക്കുന്ന കാലത്ത് സൗദി അറേബ്യയിൽ പ്രവാസിയായി എത്തുകയും കളിക്കാരനെന്ന കരിയർ അവിടെ അവസാനിക്കുകയും ചെയ്തു. കളിക്കാരനെന്ന നിലയിൽ മാത്രമല്ല, കായിക ഭരണ രംഗത്തും റഫീഖ് കഴിവു തെളിയിച്ചിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്ത് കണ്ണൂർ ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ ഭാരവാഹിയായിരുന്നു അദ്ദേഹം. ബ്രദേഴ്‌സ് ക്ലബ്ബിൽ നിരവധി പദവികൾ വഹിച്ചു. പ്രവാസി മലയാളികൾക്കാണ് റഫീഖിന്റെ ഫുട്‌ബോൾ പ്രതിഭ ഏറ്റവും ഗുണം ചെയ്തത്. ജിദ്ദയിൽ ജിദ്ദ സ്‌പോർട്‌സ് ക്ലബ് സോക്കർ അക്കാദമിക്കും ദമാമിൽ ദമാം സ്‌പോർട്‌സ് ക്ലബ് സോക്കർ അക്കാദമിക്കും അദ്ദേഹം തുടക്കമിട്ടു. രണ്ടും വലിയ വിജയമായി. റഫീഖ് പ്രവാസം മതിയാക്കി മടങ്ങിയെങ്കിലും ഈ അക്കാദമികളിൽ ഇരുനൂറോളം കുട്ടികൾ ഇന്ന് ഫുട്‌ബോൾ പരിശീലനം നേടുന്നു. പ്രവാസി കുട്ടികൾക്ക് മെയ്യനങ്ങാൻ ഒരു വാതിൽ തുറന്നു കൊടുക്കുകയെന്ന മഹത്തായ സാമൂഹിക സേവനമാണ് അദ്ദേഹം ചെയ്തത്.

മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് ഹബീബിനൊപ്പം അബ്ദുൽ റഫീഖ്
റഫീഖിന്റെ മൂത്ത മകൻ സഹേഷിന്റെ പുത്രൻ സഹൽ ഇപ്പോൾ വല്യുപ്പയുടെ പാതയിലൂടെ യാത്രയാരംഭിച്ചിരിക്കുകയാണ്. ബാഴ്‌സലോണയുടെ തട്ടകമായ സ്‌പെയിനിലെ നൗകാമ്പിൽ കളിക്കാനായി യാത്രക്കൊരുങ്ങുന്നു ഈ അഞ്ചാം ക്ലാസുകാരൻ. റിയാദിലെ ബാഴ്‌സലോണ സൗദി അക്കാദമിയെ പ്രതിനിധീകരിച്ച് ബാഴ്‌സലോണയിൽ നടക്കുന്ന അണ്ടർ-11 ടൂർണമെന്റിൽ സഹൽ കളിക്കും. സൗദി, അറബ് വംശജരുള്ള ടീമിൽ ഏക ഇന്ത്യക്കാരനാണ് സഹൽ. ഏപ്രിൽ ഒമ്പത് മുതൽ 14 വരെയാണ് ടൂർണമെന്റ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാഴ്‌സലോണ അക്കാദമികളിലെ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

സഹൽ കോച്ചുമാർക്കൊപ്പം
ഫുട്‌ബോൾ കമ്പം രക്തത്തിലുള്ള സഹേഷ് മകനെ കളികൾ കാണാൻ കൊണ്ടുപോകുമായിരുന്നു. അൽയമാമ അക്കാദമിയിലാണ് സഹൽ കളി തുടങ്ങുന്നത്. ഒരു വർഷത്തോളം ഈ അക്കാദമിയിൽ പരിശീലനം നേടി.
സമപ്രായക്കാരേക്കാൾ വലിയ ഫുട്‌ബോൾ പ്രതിഭ പ്രകടിപ്പിച്ച സഹലിന് ഉന്നത നിലവാരമുള്ള പരിശീലനം നൽകണമെന്ന് അഭിപ്രായമുണ്ടായപ്പോഴാണ് റിയാദിലെ ബാഴ്‌സലോണ അക്കാദമിയിൽ ചേർത്തത്. ഉന്നത പരിശീലനത്തിന് അവസരം കിട്ടിയതോടൊപ്പം അറബ് വംശജരായ കുട്ടികളുമായി പ്രതിഭ മാറ്റുരക്കാനും സഹലിന് സാധിച്ചു. നൗകാമ്പിലെ ടൂർണമെന്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കുട്ടികളുമായി കളിക്കാനുള്ള വലിയ ഭാഗ്യമാണ് പത്തു വയസ്സുകാരനെ തേടിയെത്തിയിരിക്കുന്നത്.
സഹേഷിന്റെയും സംറീന്റെയും മൂത്ത മകനാണ് സഹൽ. റിയാദ് മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ സ്‌കൂളിൽ ഫിഫ്ത് ഗ്രേഡിൽ പഠിക്കുന്നു. അടുത്തയാഴ്ചയാണ് സഹൽ ഉൾപ്പെടുന്ന റിയാദ് ബാഴ്‌സലോണ അക്കാദമി ടീം സ്‌പെയിനിലേക്ക് തിരിക്കുക.






