Sorry, you need to enable JavaScript to visit this website.

ഏഷ്യാഡ് ഇന്ത്യൻ സാധ്യതകൾ

ഏഷ്യൻ ഗെയിംസും ഇന്ത്യയും തമ്മിലുള്ള ബന്ധം വിവരണാതീതമാണ്. 1951 ൽ ഇന്ത്യയിലാണ് ഏഷ്യൻ ഗെയിംസ് എന്ന സ്വപ്‌നം പൂവണിഞ്ഞത്. ദൽഹി ആദ്യ ഏഷ്യാഡിന് വേദിയൊരുക്കി. 1982 ൽ ദൽഹി രണ്ടാം തവണ ഏഷ്യൻ ഗെയിംസിന് വേദിയൊരുക്കിയപ്പോൾ മലയാളികളുടെ അപ്പു ഭാഗ്യചിഹ്നമായി. 
ഏഷ്യൻ ഗെയിംസ് ഇന്ന് ഒളിംപിക്‌സിനെക്കാളും വലിയ കായിക മാമാങ്കമാണ്. 12,500 ലേറെ അത്‌ലറ്റുകൾ ഇത്തവണ ഹാംഗ്ഷു ഗെയിംസിൽ പങ്കെടുക്കും. ടോക്കിയൊ ഒളിംപിക്‌സിൽ പങ്കെടുത്തത് 11,000 അത്‌ലറ്റുകൾ മാത്രമാണ്. ആതിഥേയരായ ചൈന വൈകിയാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തു തുടങ്ങിയത്. 1974 ലായിരുന്നു അവരുടെ ആദ്യ പങ്കാളിത്തം. ദൽഹിയിൽ ഏഷ്യാഡ് ആരംഭിച്ച് 23 വർഷത്തിനു ശേഷം. എന്നാൽ ദൽഹിയിൽ 1982 ൽ രണ്ടാം തവണ ഏഷ്യാഡ് വിരുന്നെത്തുമ്പോഴേക്കും അവർ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ആ സ്ഥാനം അവർ പിന്നീടാർക്കും വിട്ടുകൊടുത്തിട്ടേയില്ല. സമീപകാലത്തായി രണ്ടാം നിര താരങ്ങളെ പങ്കെടുപ്പിച്ചാണ് അവർ ഏഷ്യാഡിൽ ആധിപത്യം തുടരുന്നത്. മൂന്നാം തവണയാണ് അവർ ഏഷ്യൻ ഗെയിംസിന് ആതിഥ്യമരുളുന്നത്. അതുവഴി ഇന്ത്യയെ മറികടക്കുകയാണ്. 1990 ൽ ബെയ്ജിംഗിലും 2010 ൽ ഗ്വാംഗ്ഷുവിലും. ഒരു തവണ സമ്മർ ഒളിംപിക്‌സിനും ഒരു തവണ കനത്ത കോവിഡ് നിയന്ത്രണത്തിൽ വിന്റർ ഒളിംപിക്‌സിനും ചൈന വിരുന്നൊരുക്കി. 


2018 ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 132 സ്വർണമുൾപ്പെടെ 289 മെഡലുകളാണ് ചൈന സ്വന്തമാക്കിയത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ജപ്പാനും (205 മെഡലുകൾ) തെക്കൻ കൊറിയയും (177) ഏറെ പിന്നിലായിരുന്നു. കായികവേദിയിൽ സമീപകാലത്ത് സ്വന്തം സ്ഥാനം തേടുന്ന ഇന്ത്യക്ക് ജക്കാർത്ത ഏഷ്യൻ ഗെയിംസ് മധുരമായ ഓർമയാണ്. 16 സ്വർണമുൾപ്പെടെ ഇന്ത്യ 70 മെഡൽ നേടി. ഇത്തവണ 100 കടക്കുമെന്നാണ് കേന്ദ്ര സ്‌പോർട്‌സ് മന്ത്രിയുടെയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയുടെയും അവകാശവാദം. ഏറ്റവും വലിയ സംഘത്തെയാണ് ഹാംഗ്ഷുവിൽ ഇന്ത്യ പങ്കെടുപ്പിക്കുന്നത്. 650 പേരുണ്ട് ഇന്ത്യൻ സംഘത്തിൽ. ആദ്യമായി ഇന്ത്യൻ സംഘത്തിൽ ഒളിംപിക്, ലോക ചാമ്പ്യനുണ്ട് -നീരജ് ചോപ്ര. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ നീരജ് ജാവലിൻ ത്രോയിൽ സ്വർണം നേടിയതിനു പുറമെ പുരുഷ 4-400 റിലേ ടീം ഏഷ്യൻ റെക്കോർഡ് തകർത്തിരുന്നു. ഏതാനും മാസം മുമ്പ് വരെ മലയാളി താരം മുരളി ശ്രീശങ്കറും തമഴ്‌നാട്ടുകാരൻ ജെസ്വിൻ ആൾഡ്രിനും ലോംഗ്ജമ്പിൽ ലോക ഒന്നും രണ്ടും റാങ്കുകാരായിരുന്നു. ഹോക്കിയിൽ പുരുഷ, വനിതാ റാങ്കിംഗിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ലോക ചാമ്പ്യൻഷിപ്പിൽ മൂന്ന് ജാവലിൻ താരങ്ങൾ ഫൈനലിൽ മത്സരിച്ചു. പുരുഷ ജാവലിൻ ത്രോയിൽ നിലവിലെ ഏഷ്യാഡ്, ഒളിംപിക്‌സ്, ലോക ചാമ്പ്യനായ നീരജ് ചോപ്രക്ക് പാക്കിസ്ഥാന്റെ അർഷദ് നദീമായിരിക്കും പ്രധാന വെല്ലുവിളി. ട്രിപ്പിൾജമ്പിൽ പ്രവീൺ ചിത്രവേൽ ലോകോത്തര നിലവാരത്തിലാണ്. എങ്കിലും ലോക ചാമ്പ്യൻഷിപ്പിൽ മിക്ക ഇന്ത്യൻ താരങ്ങൾക്കും മികച്ച വ്യക്തിഗത പ്രകടനം പോലും ആവർത്തിക്കാനായില്ല. ഏഷ്യാഡ് പ്രായശ്ചിത്തത്തിന് അവർക്ക് വേദിയൊരുക്കുന്നു. ക്രിക്കറ്റിലും ബാഡ്മിന്റണിലും ടെന്നിസിലും ഷൂട്ടിംഗിലും ഇന്ത്യ മെഡൽ വാരാൻ സാധ്യതയുണ്ട്. 
40 കായിക ഇനങ്ങളിൽ 481 സ്വർണ മെഡലുകൾക്കായാണ് ഹാംഗ്ഷുവിൽ മത്സരം നടക്കുക. ഇ-സ്‌പോർട്‌സ് ഇത്തവണ മെഡൽ ഇനമാണ്. ചൈനീസ് ചെസ്സായ സിയാംഗ്ക്വി, ബ്രിഡ്ജ്, കുറാഷ് തുടങ്ങിയവയും മത്സര ഇനങ്ങളാണ്. ഒമ്പതിനങ്ങൾക്ക് പാരിസ് ഒളിംപിക്‌സിന്റെ യോഗ്യതാ ടൂർണമെന്റുകളെന്ന പ്രാധാന്യം കൂടിയുണ്ട്. ബോക്‌സിംഗ്, ബ്രെയ്ക്ഡാൻസിംഗ്, ടെന്നിസ്, ഹോക്കി, ആർച്ചറി, ആർടിസ്റ്റിക് സ്വിമ്മിംഗ്, പെന്റാത്തലൺ, സയ്‌ലിംഗ്, വാട്ടർപോളൊ എന്നിവക്ക്. പുതുതായി നിർമിച്ച പതിനാലെണ്ണമുൾപ്പെടെ 54 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. മത്സരങ്ങൾ ഹാംഗ്ഷുവിൽ മാത്രമല്ല, 3000 കിലോമീറ്റർ അകലെയുള്ള വെൻഷൂവിൽ വരെ ചില വേദികളുണ്ട്. എന്നാൽ പ്രധാന ആകർഷണം താമര സ്റ്റേഡിയമാണ്. 80,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌സുൾപ്പെടെ മത്സരങ്ങളും ഉദ്ഘാടന, സമാപനച്ചടങ്ങുകളും നടക്കും. ഉദ്ഘാടനച്ചടങ്ങിൽ ചൈനീസ് പ്രസിഡന്റ ഷി ജിൻപിംഗ്, സിറിയൻ പ്രസിഡന്റ് ബഷാർ അൽഅസദ് തുടങ്ങിയവർ പങ്കെടുക്കും. പൗരാണിക ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ ഹാംഗ്ഷുവിന്റെ പ്രധാന ആകർഷണം വെസ്റ്റ് ലെയ്ക്കാണ്. 
കംപ്യൂട്ടർ സ്റ്റാർടപ്പുകൾക്ക് പേരെടുത്ത നയനമനോഹരമായ ഹാംഗ്ഷുവിനെ പതിമൂന്നാം നൂറ്റാണ്ടിലെ സഞ്ചാരി മാർക്കൊപോളൊ വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും സുന്ദര നഗരമെന്നാണ്. ചൈനയുടെ സിലിക്കൺ വാലി എന്നാണ് അറിയപ്പെടുന്നത്. അതിനൂതന സാങ്കേതികവിദ്യകളുടെ ഷോ കൂടിയായിരിക്കും ഈ ഏഷ്യാഡ്. റോബോട് നായകളും മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയും ഡ്രൈവറില്ലാത്ത ബസ്സുമൊക്കെ ഹാംഗ്ഷു അവതരിപ്പിക്കുന്നുണ്ട്. ആംഗ്യം തിരിച്ചറിയുന്ന എ.ഐ സുന്ദരി സിയോമോ സന്ദർശകരെ സഹായിക്കും. ഷാംഗ്ഹായ് നഗരത്തിൽ നിന്ന് 160 കി.മീ ദൂരെയാണ് ഹാംഗ്ഷു, ബുള്ളറ്റ് ട്രയ്‌നിൽ ഒരു മണിക്കൂർ യാത്രാ ദൂരം. നഗരത്തിനുള്ളിലെ മിനി നഗരമായ 280 ഏക്കർ വിസ്തൃതിയിലുള്ള ഗെയിംസ് ഗ്രാമത്തിൽ 20,000 പേരെ ഉൾക്കൊള്ളും. രണ്ട് മെട്രൊ സ്റ്റേഷനുകൾ ഗ്രാമത്തിലുണ്ട്. നാലായിരം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ളതാണ് ഊട്ടുപുര.

Latest News