Sorry, you need to enable JavaScript to visit this website.

കപ്പ് തിന്നുന്ന വയസ്സൻ കുതിര

ത്രിമൂർത്തികളായിരുന്നു രണ്ട് പതിറ്റാണ്ടായി ടെന്നിസ് വാണത്. റോജർ ഫെദരറും റഫായേൽ നദാലും നോവക് ജോകോവിച്ചും. ഫെദരറും നദാലും 2003 ൽ ആദ്യ ഗ്രാന്റ്സ്ലാം സ്വന്തമാക്കി. വൈകിയാണ് നോവക് ഗ്രാന്റ്സ്ലാം ക്ലബ്ബിലെത്തിയത്, 2008 ൽ. എന്നാൽ 24 ഗ്രാന്റ്സ്ലാമുകളോടെ ടെന്നിസിലെ ചോദ്യം ചെയ്യപ്പെടാത്ത ജേതാവാണ് താനെന്ന് നോവക് തെളിയിച്ചു കഴിഞ്ഞു. യു.എസ് ഓപൺ ഫൈനലിൽ ദാനിൽ മെദ്‌വദേവിനെ തോൽപിച്ചതോടെ 24 ഗ്രാന്റ്സ്ലാം സ്വന്തമാക്കിയ മാർഗരറ്റ് കോർടിന്റെ റെക്കോർഡിനൊപ്പമെത്തി. കോർടിന്റെ ഗ്രാന്റ്സ്ലാമുകളിൽ പകുതിയോളം പ്രൊഫഷനലുകൾക്ക് പ്രവേശനമില്ലാത്ത അമച്വർ കാലഘട്ടത്തിലായിരുന്നു. 

എത്ര കാലം കൂടി?
മുപ്പത്താറായി നോവക്കിന്. സാധ്യമാവുന്നേടത്തോളം കോർടിൽ തുടരാനാണ് താൽപര്യം. പ്രായമേറുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് നോവക്. സെർബ് താരത്തിന്റെ ഗ്രാന്റ്സ്ലാം കിരീടങ്ങളിൽ പകുതിയും മുപ്പത് കഴിഞ്ഞപ്പോൾ നേടിയതാണ്. അവസാനം കളിച്ച 10 ഗ്രാന്റ്സ്ലാമുകളിൽ ഏഴിലും നോവക് ചാമ്പ്യനായി. കാർലോസ് അൽകാരസിനെ മറികടന്ന് തിങ്കളാഴ്ച നോവക് ലോക ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും. ഒന്നാം സ്ഥാനത്ത് 390ാം വാരം. 
ഈ വർഷം കളിച്ച നാല് ഗ്രാന്റ്സ്ലാമുകളിൽ വിംബിൾഡൺ ഫൈനലിൽ മാത്രമാണ് നോവക് തോറ്റത്, അൽകാരസിനോട്. അഞ്ചു സെറ്റ് ജയത്തിന് ശേഷം ടെന്നിസിലെ പുതിയ രാജാവായി അൽകാരസ് വാഴ്ത്തപ്പെട്ടു. അതിന് ഇനിയും കാത്തുനിൽക്കണമെന്ന് യു.എസ് ഓപണിൽ നോവക് തെളിയിച്ചു.  
എന്തിനാണ് ഇനിയും തുടരുന്നതെന്ന് പലപ്പോഴും സ്വയം ആലോചിച്ചിട്ടുണ്ടെന്ന് നോവക് പറയുന്നു. പക്ഷെ കൂടുതൽ കൂടുതൽ ഉയരങ്ങളിലുള്ള ലക്ഷ്യമാണ് നോവക്കിനെ പ്രചോദിപ്പിക്കുന്നത്. 2028 ലെ ഒളിംപിക്‌സാണ് കോച്ച് ഗോരൻ ഇവാനിസേവിച്ചിന്റെ ലക്ഷ്യം. അടുത്ത ജനുവരിയിലെ ഓസ്‌ട്രേലിയൻ ഓപൺ നോവക്കിന് പ്രിയപ്പെട്ടതാവും. അവിടെ കിരീടനേട്ടം ആവർത്തിച്ചാൽ ഗ്രാന്റ്സ്ലാമുകളുടെ എണ്ണം ഇരുപത്തഞ്ചാവും. പുരുഷനോ സത്രീയോ ആരും ഇത്രമാത്രം ഗ്രാന്റ്സ്ലാം സ്വന്തമാക്കിയിട്ടില്ല. 
ഇന്നത്തെ നോവക്കും പഴയ കാല നോവക്കും കളിച്ചാൽ ആരാണ് ജയിക്കുകയെന്ന് യു.എസ് ഓപണിനിടെ നോവക്കിനോട് ഇ.എസ്.പി.എൻ അനലിസ്റ്റ് റെനെ സ്റ്റബ്‌സ് ചോദിച്ചു. മുപ്പത്താറുകാരനായ നോവക് നേരിട്ടുള്ള സെറ്റുകളിൽ ജയിക്കുമെന്നായിരുന്നു മറുപടി. 

അനഭിമതൻ
ഫെദരറെക്കാളും നദാലിനെക്കാളും ഗ്രാന്റ്സ്ലാം കിരീടങ്ങൾ കൂടുതൽ നേടിയിട്ടുണ്ട് നോവക്. എന്നാൽ അവരെപ്പോലെ സനേഹിക്കപ്പെടുന്നില്ല. സെർബ് തീവ്രവാദത്തോട് പലപ്പോഴും ഐക്യദാർഢ്യം പ്രകടിപ്പിച്ച കളിക്കാരനാണ് നോവക്. കഴിഞ്ഞ ഫ്രഞ്ച് ഓപണിൽ കോർടിനു സമീപമുള്ള ടി.വി ക്യാമറ ലെൻസിൽ കോസൊവൊ-സെർബിയയുടെ ഹൃദയം എന്നെഴുതിയത് വിവാദങ്ങളുടെ കടന്നൽകൂടിളക്കി. ബാൽക്കനിൽ വംശീയ വൈരം മൂർഛിക്കുന്ന സമയത്തായിരുന്നു നോവക് എരിതീയിൽ എണ്ണയൊഴിച്ചത്. ഫ്രഞ്ച് ഓപണിൽ തന്നെ എതിരാളി അൽകാരസ് പേശിവേദന കാരണം പുളയുമ്പോൾ വിജയാഘോഷം നടത്തിയത്. വിമർശനങ്ങളെ അവഗണിക്കുകയാണ് നോവക്കിന്റെ പതിവ്. കോവിഡ് കാലത്ത് വാക്‌സിനെടുക്കാൻ വിസമ്മതിച്ചതായിരുന്നു ഏറ്റവും വവലിയ വിവാദം. 2022 ലെ ഓസ്‌ട്രേലിയൻ ഓപണിനായി മെൽബണിലെത്തിയ താരത്തെ ഓസ്‌ട്രേലിയ നാടു കടത്തി. ഇതേ കാരണത്താൽ അമേരിക്കയിലും പ്രവേശനം നിഷേധിക്കപ്പെട്ട നോവക്കിന് കഴിഞ്ഞ വർഷം യു.എസ് ഓപണിലും കളിക്കാനായില്ല. കോവിഡ് വാക്‌സിനെടുക്കാൻ തയാറായിരുന്നുവെങ്കിൽ ഇതിനകം നോവക് 26 ഗ്രാന്റ്സ്ലാമുകൾക്കുടമയായേനേ. 
2020 ലെ യു.എസ് ഓപണിൽ ദേഷ്യത്തിലടിച്ച പന്ത് ഒരു വനിതാ ലൈൻ ജഡ്ജിന്റെ ദേഹത്ത് കൊണ്ടതിന് നോവക് പുറത്താക്കപ്പെട്ടു. പോസിറ്റിവായ ചിന്താഗതിയിലൂടെ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഘടന വരെ മാറ്റാമെന്നാണ് നോവക് വിശ്വസിക്കുന്നത്. 
ആദ്യമായി 15 കോടി ഡോളറിന്റെ പ്രൈസ് മണി കടന്ന ഒരു കളിക്കാരന്റെ വിശ്വാസത്തെ എല്ലായ്‌പോഴും തള്ളിക്കളയാനാവില്ല. ഒരു കാര്യം നടക്കില്ല എന്നു പറഞ്ഞാൽ അതെങ്ങനെ സാധിക്കുമെന്ന് തെളിയിക്കാനുള്ള ആവേശത്തിലാവും നോവക്കെന്ന് കോച്ച് ഇവാനിസേവിച് പറയുന്നു. 

ദുരിത ബാല്യം
സെർബിയയുടെ ക്രൂരതകൾ തടയാൻ നാറ്റൊ സൈന്യം ബെൽഗ്രേഡിൽ ബോംബാക്രമണം നടത്തുന്ന സമയത്താണ് പന്ത്രണ്ടുകാരനായ നോവക് മ്യൂണിക്കിൽ പരിശീലനം നടത്താനായി വീട് വിട്ടത്. 2008 ലെ ഓസ്‌ട്രേലിയൻ ഓപണിലാണ് ആദ്യ ഗ്രാന്റ്സ്ലാം നേടിയത്. 
മൂന്നു വർഷം വേണ്ടി വന്നു വീണ്ടും ഗ്രാന്റ്സ്ലാം ചാമ്പ്യനാവാൻ. 
അതിനായി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി. ടെന്നിസിലെ റബ്ബർ മാനായി. 2011 ൽ മൂന്ന് ഗ്രാന്റ്സ്ലാമുകൾ നേടി ആദ്യമായി ലോക ഒന്നാം നമ്പർ പദവിയിലെത്തി. 10 ഓസ്‌ട്രേലിയൻ ഓപണും ഏഴ് വിംബിൾഡണും നാല് യു.എസ് ഓപണും മൂന്ന് ഫ്രഞ്ച് ഓപണുമാണ് നോവക്കിന്റെ സമ്പാദ്യം. നാല് ഗ്രാന്റ്സ്ലാമുകളും മൂന്ന് തവണയെങ്കിലും ഒരേയൊരു കളിക്കാരനാണ്. 39 മാസ്റ്റേഴ്‌സ് കിരീടങ്ങളും റെക്കോർഡാണ്.

Latest News