പ്രവാസി മലയാളിക്ക് രണ്ടാമതും സമ്മാനമടിച്ചു; സ്കൂൾ ബസ് ഡ്രൈവർക്ക് ഒരു ലക്ഷം ദിർഹം

അബുദാബി-  അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ യു.എ.യിലെ പ്രവാസി മലയാളി രണ്ടാം തവണയും ജേതാവായി. അബുദാബിയിൽ സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന  റിയാസ് പറമ്പത്ത്കണ്ടിക്കാണ് വീണ്ടും സമ്മാനമടിച്ചത്.  ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഒരു ലക്ഷം  ദിർഹമാണ് അദ്ദേഹം സ്വന്തമാക്കിയത്. 
സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന റിയാസ്  2008 മുതൽ തന്റെ 15 സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റ് വാങ്ങുന്നുണ്ട. 2012-ലാണ് അദ്ദേഹത്തിന് ആദ്യമായി സമ്മാനം ലഭിച്ചത്. അന്ന് 40,000 ദിർഹമായിരുന്നു സമ്മാനത്തുക.  

രണ്ടു  മാസത്തെ അവധിക്ക് ഭാര്യയെയും കുട്ടികളെയും അബുദാബിയിലേക്ക് കൊണ്ടുവരാൻ സമ്മാനത്തുകയുടെ  ഒരു ഭാഗം ഉപയോഗിക്കുമെന്ന് സന്തോഷഭരിതനായ റിയാസ് പ്രതികരിച്ചു. 

റിയാസ് പറമ്പത്ത്കണ്ടിക്ക് പുറമെ ബിംലേഷ് യാദവ്, ഷിയ മിഥില, ബബിൻ ഊരത്ത് എന്നിവർ ഒരുലക്ഷം ദിർഹം വീതം നേടി.

Latest News