ഒളിമ്പിക് കമ്മിറ്റിയും മുഷൈരിബ് പ്രോപ്പർട്ടീസും സ്‌പോർട്‌സ്, ടൂറിസം പങ്കാളിത്ത കരാർ പുതുക്കി

ഖത്തർ ഒളിമ്പിക് കമ്മിറ്റിക്ക് വേണ്ടി ഹമദ് ലഹ്ദാൻ അൽ മുഹന്നദിയുടെയും, മുഷൈരിബ് പ്രാപ്പർട്ടീസിന് വേണ്ടി ഫൈസൽ ഇബ്രാഹിം അൽ മാൽകിയുടെയും നേതൃത്വത്തിൽ നടന്ന കരാർ ഒപ്പുവെക്കൽ ചടങ്ങ്.

ദോഹ- ഖത്തർ ഒളിമ്പിക് കമ്മിറ്റിയും ഖത്തറിലെ പ്രമുഖ സുസ്ഥിര പ്രോപ്പർട്ടി ഡെവലപ്പറായ മുഷൈരിബ് പ്രാപ്പർട്ടീസും സ്‌പോർട്‌സ്, ടൂറിസം മേഖലകളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്നതിനായി തങ്ങളുടെ നിലവിലുള്ള പങ്കാളിത്ത കരാർ പുതുക്കി. ഖത്തർ ഒളിമ്പിക് കമ്മിറ്റിക്ക് വേണ്ടി സപ്പോർട്ട് സർവീസസ് സെക്ടർ ഡയറക്ടർ ഹമദ് ലഹ്ദാൻ അൽ മുഹന്നദിയും മുഷൈരീബ് പ്രാപ്പർട്ടീസിന് വേണ്ടി ചീഫ് ഓഫീസർ ഓഫ് ഓപ്പറേഷൻസ് ഫൈസൽ ഇബ്രാഹിം അൽ മാൽകിയുമാണ് കരാറിൽ ഒപ്പു
വെച്ചത്.
ഇരു സംഘടനകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു. ടീം ഖത്തർ താരങ്ങളുടേയും അതിഥികളുടേയും മുഷൈരിബ് ഡൗൺടൗൺ ദോഹയിലേക്കുള്ള സന്ദർശനം ക്രമീകരിക്കുന്നതിനും ന്യായമായ മാധ്യമ കവറേജോടെ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ ഇരു സംഘടനകളും ചേരുമെന്ന് കരാർ പറയുന്നു.
ശിൽപശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിലൂടെ ശാസ്ത്രീയ ഗവേഷണം, തന്ത്രപരമായ പഠനങ്ങൾ, പ്രൊഫഷണൽ അനുഭവങ്ങളുടെ കൈമാറ്റം, പാരിസ്ഥിതിക സുസ്ഥിരതയുടെ മെച്ചപ്പെട്ട സംസ്‌കാരം കെട്ടിപ്പടുക്കൽ തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കാനാണ് ഈ കരാർ ലക്ഷ്യമിടുന്നത്.
മുഷൈരിബ് ഡൗൺടൗൺ ദോഹ പോലുള്ള പ്രധാനപ്പെട്ട ടൂറിസ്റ്റ് സൈറ്റുകളിൽ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ കായിക പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിച്ച് സമൂഹത്തിൽ കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ കരാർ പുതുക്കുന്നതിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റിക്ക് സന്തോഷമുണ്ടെന്ന് അൽ മുഹന്നദി പറഞ്ഞു. സ്‌പോർട്‌സ്, സംസ്‌കാരം, സാമൂഹിക ഇടപെടൽ എന്നിവ ഒരുമിച്ച് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പങ്കാളിത്തത്തിന്റെയും അർപ്പണബോധത്തിന്റെയും മനോഭാവമാണ് കരാർ കാണിക്കുന്നതെന്ന് അൽ മാൽകി പറഞ്ഞു.

Tags

Latest News