ദോഹ- ഇസ് ലാമിക ലോകത്തെ സാംസ്‌കാരിക മന്ത്രിമാരുടെ പന്ത്രണ്ടാമത് സമ്മേളനം തിങ്കളാഴ്ച ദോഹയിൽ ആരംഭിക്കും. ഇസ് ലാമിക ലോകത്ത് സാംസ്‌കാരിക പ്രവർത്തനങ്ങൾ നവീകരിക്കുന്നതിന്' എന്നതാണ് സമ്മേളന പ്രമേയം. ഇസ് ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (ഐസെസ്‌കോ) സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തിന് ഖത്തർ സാംസ്‌കാരിക മന്ത്രാലയം
ആതിഥ്യമരുളും.
ഇസ് ലാമിക ലോകത്തെ സാംസ്‌കാരിക വികസനത്തിന്റെ പ്രശ്നങ്ങളും വികസനത്തിനുള്ള സംവിധാനങ്ങളും ഉൾപ്പെടെ നിരവധി വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ഇസ് ലാമിക ലോകത്തെ സാംസ്‌കാരിക തലസ്ഥാനങ്ങൾക്കായുള്ള ഇസ് ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ പ്രോഗ്രാം, ജീവിക്കുന്ന മനുഷ്യ നിധികളെയും ഇസ് ലാമിക ലോകത്തെ പരമ്പരാഗത വിജ്ഞാനത്തെയും വിലമതിക്കുന്ന പരിപാടി, സാംസ്‌കാരിക നയ മാർഗനിർദേശങ്ങളും സൂചകങ്ങളും രൂപാന്തരപ്പെടുന്ന ലോകത്ത് സുസ്ഥിര വികസനത്തിനുള്ള സൂചകങ്ങൾ, നിയമവിരുദ്ധമായ പോരാട്ട തന്ത്രങ്ങൾ തുടങ്ങി ഇസ് ലാമിക ലോകത്ത് സാംസ്‌കാരിക സ്വത്ത് കടത്ത് ഉൾപ്പെടെയുള്ള സുപ്രധാനമായ പല വിഷയങ്ങളും സമ്മേളനം ചർച്ച
ചെയ്യും.
ഇസ് ലാമിക രാജ്യങ്ങൾ തമ്മിലുള്ള സഹകരണ സാംസ്‌കാരിക പ്രവർത്തനങ്ങളെ കുറിച്ചും സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികളെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി സാംസ്‌കാരിക പൈതൃക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രാദേശിക, അന്തർദേശീയ സംഘടനകളുടെ പ്രതിനിധികൾ, ഇസെസ്‌കോ അംഗ രാജ്യങ്ങളിലെ സാംസ്‌കാരിക കാര്യ മന്ത്രിമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.






