വിധി നിർണയിക്കുക ഒക്‌ടോബറിലെ മത്സരം
അർജന്റീനയും ലോകത്തിലെ മികച്ച രണ്ടു കളിക്കാരിലൊരാളായ ലിയണൽ മെസ്സി ഇല്ലാതെ അടുത്ത ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റ് നടക്കാനുള്ള സാധ്യത എത്രത്തോളമാണ്? അർജന്റീന എങ്ങനെയെങ്കിലും കടന്നു കൂടും എന്നു തന്നെയാണ് ഫുട്‌ബോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. ഡിയേഗൊ മറഡോണയും ഹെർനാൻ ക്രെസ്‌പോയും യുവാൻ സെബാസ്റ്റ്യൻ വെറോണും ലിയണൽ മെസ്സിയും പ്രശസ്തമാക്കിയ ആ ജഴ്‌സി ഇല്ലെങ്കിൽ ലോകകപ്പിനാണ് തിളക്കം കുറയുക. ലാറ്റിനമേരിക്കയിൽനിന്ന് നാലു ടീമുകളാണ് തീർച്ചയായും ലോകകപ്പ് ഫൈനൽ റൗണ്ടിലെത്തുക.
അഞ്ചാം സ്ഥാനത്തെത്തിയാലും ലോകകപ്പ് കളിക്കാൻ സാധ്യതയേറെയാണ്. കാരണം അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് പ്ലേഓഫ് സാധ്യതയുണ്ട്. പ്ലേഓഫ് കളിക്കേണ്ടത് ഓഷ്യാന മേഖലയിലെ ഒന്നാം സ്ഥാനക്കാരുമായാണ്. ഓഷ്യാന മേഖലയിലെ എത്ര വലിയ ടീം വന്നാലും ഇന്നത്തെ സാഹചര്യത്തിൽ അർജന്റീനക്ക് വെല്ലുവിളിയാവില്ല. എന്നാൽ അഞ്ചിനു താഴേക്ക് പോയാൽ അർജന്റീന ലോകകപ്പ് കാണില്ല.
നാലു കളികൾ മാത്രമാണ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഇനി അർജന്റീനക്ക് അവശേഷിക്കുന്നത്. നാലു മത്സരങ്ങൾ ശേഷിക്കേ ബ്രസീൽ യോഗ്യത നേടിക്കഴിഞ്ഞു. ഒമ്പതും പത്തും സ്ഥാനക്കാരായ ബൊളീവിയയും വെനിസ്വേലയും പുറത്തായി. അർജന്റീനയെ അട്ടിമറിച്ചതൊന്നും ബൊളീവിയയെ തുണച്ചില്ല. അവശേഷിക്കുന്ന മൂന്ന് ഉറച്ച സ്ഥാനങ്ങൾക്കായി പ്രധാനമായും പോരാട്ടം കൊളംബിയയും ഉറുഗ്വായ്‌യും ചിലിയും അർജന്റീനയും തമ്മിലാണ്. കൊളംബിയക്ക് 24 പോയന്റാണ്. ഉറുഗ്വായ്‌യും ചിലിയും 23 പോയന്റ് വീതമായി മൂന്നാം സ്ഥാനത്തുണ്ട്. അർജന്റീനക്ക് 22 പോയന്റാണ്. നാലു ടീമുകളെ വേർതിരിക്കുന്നത് വെറും രണ്ട് പോയന്റ് മാത്രം. ഇക്വഡോർ (20), പെറു (18), പാരഗ്വായ് (18) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള ടീമുകളുടെ നില.
1970 നു ശേഷം ആദ്യമായി അർജന്റീന ഇല്ലാതെ ലോകകപ്പ് നടക്കാൻ എത്ര മാത്രം സാധ്യതയുണ്ട് എന്നു തീരുമാനിക്കുന്നത് വരാനിരിക്കുന്ന അവരുടെ മത്സരങ്ങളായിരിക്കും. മെസ്സിയുടെ അസാന്നിധ്യത്തിൽ ബൊളീവിയക്കെതിരെ നിലംപരിശായ അർജന്റീനക്ക് ക്യാപ്റ്റന്റെ സേവനമില്ലാതെ മൂന്നു മത്സരങ്ങൾ കൂടി കളിക്കണം.
പരിക്കും സസ്‌പെൻഷനുമൊക്കെയായി അർജന്റീനയുടെ ഇതുവരെയുള്ള 14 കളികളിൽ മെസ്സി കളിച്ചത് ആറിൽ മാത്രമാണ്. അതിൽ അർജന്റീനക്ക് സാധ്യമായ 18 പോയന്റിൽ പതിനഞ്ചും നേടാനായി. മെസ്സി നാലു ഗോളടിച്ചു.
ഇത്ര കുറഞ്ഞ മത്സരങ്ങൾ കളിച്ചിട്ടും മെസ്സിയാണ് ടീമിലെ ടോപ് സ്‌കോറർ. മെസ്സി ഇല്ലാത്ത എട്ടു കളികളിൽ സാധ്യമായ 24 പോയന്റിൽ അർജന്റീനക്ക് കിട്ടിയത് വെറും ഏഴ് പോയന്റാണ്. ഇക്വഡോറിനെതിരെയും പാരഗ്വായ്‌ക്കെതിരെയും സ്വന്തം മണ്ണിൽ തോറ്റു.
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ദീർഘമായ ഇടവേളകളുമായാണ് അരങ്ങേറുന്നത്. അതിനാൽ തന്നെ നാലു കളികളിലെ സസ്‌പെൻഷൻ പൂർത്തിയാക്കാൻ കാലമേറെയെടുക്കും. അടുത്ത ഒക്‌ടോബർ വരെ മെസ്സിക്ക് യോഗ്യതാ റൗണ്ടിൽ കളിക്കാനാവില്ല. അർജന്റീനയുടെ അടുത്ത കളി ഓഗസ്റ്റിലാണ്. ഉറുഗ്വായ്‌യിൽ ഉറുഗ്വായ്‌യെ അവർ നേരിടണം. സെപ്റ്റംബറിലും ഒക്‌ടോബറിലും സ്വന്തം നാട്ടിൽ അവർക്ക് രണ്ടു കളികളുണ്ട് -വെനിസ്വേലക്കും പെറുവിനുമെതിരെ. വെനിസ്വേലയെ തോൽപിക്കാൻ അർജന്റീനക്കു സാധിച്ചേക്കാം. എന്നാൽ മെസ്സി ഇല്ലാതെ പെറുവിനെ കീഴടക്കുക അത്ര എളുപ്പമല്ല. ഒക്‌ടോബർ പത്തിന് ഇക്വഡോറിനെതിരെയാണ് അവസാന മത്സരം. അതിൽ മെസ്സിക്ക് കളിക്കാം.
പെറുവിനും വെനിസ്വേലക്കും ഇക്വഡോറിനുമെതിരെ ജയിച്ചാൽ അർജന്റീനക്ക് അഞ്ചാം സ്ഥാനത്തെത്താം. അതായത് അർജന്റീനക്ക് ലോകകപ്പിനെത്താൻ പ്ലേഓഫിന്റെ വഴി വേണ്ടിവന്നേക്കാം. എന്നാൽ പെറുവിനെതിരായ കളി അർജന്റീന തോറ്റാൽ അവർ ആറാം സ്ഥാനത്തേക്കു പോവാൻ സാധ്യതയേറെയാണ്.
പ്ലേഓഫ് വേണ്ടിവന്നാൽ ഓഷ്യാനയിലെ ഒന്നാം സ്ഥാനക്കാരായ ന്യൂസിലാന്റായിരിക്കും മിക്കവാറും അർജന്റീനയുടെ എതിരാളികൾ. ന്യൂസിലാന്റ് അവർക്ക് വലിയ വെല്ലുവിളിയാവാനിടയില്ല. 2014 ലെ യോഗ്യതാ റൗണ്ടിൽ കോൺകകാഫ് മേഖലയിലെ നാലാം സ്ഥാനക്കാരുമായാണ് ന്യൂസിലാന്റ് പ്ലേഓഫ് കളിച്ചത്. ഇരു പാദങ്ങളിലായി മെക്‌സിക്കൊ 9-3 ന് ജയിച്ചു.
യോഗ്യതാ റൗണ്ടിൽ മോശമായെന്നു വെച്ച് ലോകകപ്പിൽ മോശമാവണമെന്നില്ല. യോഗ്യതാ റൗണ്ടിൽ ഉജ്വല പ്രകടനം നടത്തുന്ന ടീമൊന്നും ലോകകപ്പിൽ തിളങ്ങാറുമില്ല. 2006 ൽ യോഗ്യതാ റൗണ്ടിൽ ഉജ്വല പ്രകടനങ്ങളുമായി വന്ന അർജന്റീന ലോകകപ്പിൽ ആദ്യ റൗണ്ട് കടന്നില്ല. 2010 ൽ ഉറുഗ്വായ് യോഗ്യത നേടിയത് പ്ലേഓഫിലൂടെയാണ്. അത്തവണ ലോകകപ്പിൽ അവർ സെമിയിലെത്തി.
അതിനാൽ അർജന്റീന യോഗ്യത നേടുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. മാത്രമല്ല, പന്തയക്കാരുടെ വിലയിരുത്തലനുസരിച്ച് കപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ അഞ്ചാം സ്ഥാനത്താണ് അർജന്റീന. ജർമനിക്കും ബ്രസീലിനും ഫ്രാൻസിനും സ്‌പെയിനിനും മാത്രം പിന്നിൽ.
1970 ലാണ് അർജന്റീന അവസാനമായി ലോകകപ്പിന് യോഗ്യത നേടാതിരുന്നത്. അന്ന് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഒരു ടീം കളിക്കേണ്ടിയിരുന്നത് വെറും നാലു കളികളായിരുന്നു, ഇന്നത് പതിനെട്ടാണ്. മൂന്നു ടീമുകൾ മാത്രമാണ് അന്ന് യോഗ്യത നേടിയിരുന്നത്.
ഇന്ന് നാല് സ്ഥാനങ്ങളും ഒരു പ്ലേഓഫുമുണ്ട്. 1970 നു ശേഷമുള്ള 11 ലോകകപ്പുകളിൽ അർജന്റീന രണ്ടു തവണ കിരീടം നേടി -1978 ലും 1986 ലും. കഴിഞ്ഞ തവണയുൾപ്പെടെ രണ്ടു പ്രാവശ്യം റണ്ണേഴ്‌സ്അപ്പായി. അർജന്റീനയും മെസ്സിയുമില്ലാത്ത ലോകകപ്പിന് ലോകകപ്പിന്റെ പൊലിമ ഉണ്ടാവില്ലെന്നുറപ്പ്.
എന്നാൽ അർജന്റീനയുടെ ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോൾ അവരില്ലാത്ത ടൂർണമെന്റ് സാധ്യമാണ്. പ്രത്യേകിച്ചും പെറുവിനോട് അവർ സ്വന്തം നാട്ടിൽ തോൽക്കുകയാണെങ്കിൽ. ഒക്‌ടോബറിലെ ആ കളിയായിരിക്കും അർജന്റീനയുടെ വിധി നിർണയിക്കുക.






