Sorry, you need to enable JavaScript to visit this website.

ശ്രദ്ധിച്ചാലല്ലേ ശ്രദ്ധയുണ്ടാവൂ

ഈയിടെയായി എന്റെ കുട്ടിക്ക്  പഠനത്തിൽ യാതൊരു ശ്രദ്ധയുമില്ല, സ്‌കൂൾ വിട്ട് വീട്ടിലെത്തിയാൽ മുഴുസമയവും മൊബൈൽ ഫോണിൽ കളിയിലായിരിക്കും. അധിക രക്ഷിതാക്കളും പറഞ്ഞുകൊണ്ടിരിക്കുന്ന പതിവ് വാചകങ്ങളാണിതൊക്കെ. ക്ലാസ് മുറിക്കകത്തും കുട്ടികൾക്ക് അധിക നേരം അടങ്ങിയിരുന്ന് കാര്യങ്ങളിൽ ശ്രദ്ധിക്കാനും പഠിക്കാനുമുള്ള കഴിവ് കുറഞ്ഞു വരുന്നതായി പല അധ്യാപകരും വേവലാതിപ്പെടുന്നത് കാണാം.
മനുഷ്യ പ്രകൃതിയുടെ മുഖമുദ്രകളിലൊന്നാണ് പഠിക്കാനും വിവരങ്ങൾ നിലനിർത്താനുമുള്ള കഴിവ്. ഈ കഴിവ് മനുഷ്യ ശരീരത്തിലെ ഏറ്റവും സങ്കീർണമായ അവയവങ്ങളിൽ ഒന്നായ മസ്തിഷ്‌കവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിനുള്ളിലെ ആന്തരികമായ പ്രക്രിയകളെ നിയന്ത്രിക്കുന്നതിൽ  പ്രധാന പങ്ക് വഹിക്കുന്നത് കൂടാതെ, നമ്മുടെ വ്യക്തിത്വങ്ങൾ, വികാരങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ നിർണയിക്കുന്നതിലും മസ്തിഷ്‌കത്തിന്റെ പങ്ക് നിസ്സാരമല്ല.  നമ്മുടെ ജീവിത രീതികൾ, നാം വളർത്തിയെടുക്കുന്ന  ബന്ധങ്ങൾ, നാം ആസ്വദിക്കുന്ന വിജയങ്ങൾ എന്നിവയെയും  തലച്ചോറ് കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഒരു മനുഷ്യനെ മറ്റൊരാളിൽ നിന്ന് വേർതിരിക്കാനും മാറുന്ന ചുറ്റുപാടുകളോട് അനുയോജ്യമായ രീതിയിൽ  പൊരുത്തപ്പെട്ട് പെരുമാറാനും മസ്തിഷ്‌കം അയാളെ   പ്രാപ്തമാക്കുന്നു.
നമ്മുടെ ജീവിതവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് ഏറെ  പ്രധാനപ്പെട്ട കാര്യമാണ് തെരഞ്ഞെടുക്കാനുള്ള നമ്മുടെ  കഴിവ്. വിവിധ ഉത്തേജകങ്ങൾ നിറഞ്ഞ ഒരു പരിതഃസ്ഥിതിയിൽ പ്രധാനപ്പെട്ട വിവരങ്ങൾ ശ്രദ്ധിച്ച് മനസ്സിലാക്കി ഉചിതമായ തീരുമാനം കൈക്കൊള്ളാനുള്ള കഴിവ്  ആരോഗ്യമുള്ള മസ്തിഷ്‌കത്തിന്റെയും മനസ്സിന്റെയും ലക്ഷണമാണ് വിളംബരം ചെയ്യുന്നത്. 
ഇതിനെല്ലാം ഏകാഗ്രമായ  ശ്രദ്ധ ആവശ്യമാണ്. ജോലി ചെയ്യാനും സംസാരിക്കാനും പഠിക്കാനും കളിക്കാനും ചെറുതല്ലാത്ത ശ്രദ്ധ ആവശ്യമാണ്. വസ്ത്രം കഴുകുന്നതിനോ വീട് വൃത്തിയാക്കുന്നതിനോ പാചകം ചെയ്യുന്നതിനോ പോലും നല്ല ശ്രദ്ധ കൂടിയേ  തീരൂ. തെറ്റുകൾ ഒഴിവാക്കാനും ചെയ്യുന്നതെന്തും കാര്യക്ഷമമായി കൈകാര്യം ചെയ്യാനും നാം ആഗ്രഹിക്കുന്നുവെങ്കിൽ നാം  അതീവ ശ്രദ്ധയുള്ളവരാവണം.ശ്രദ്ധാശക്തിയില്ലാതെയാണ് ആളുകൾ ജനിക്കുന്നത്. നിരന്തര പരിശീലനത്തിലൂടെ വളർത്തിയെടുക്കാൻ കഴിയുന്നതാണ് ശ്രദ്ധിക്കാനുള്ള കഴിവ്. മറ്റേതൊരു കഴിവിനെയും പോലെ അത് പരിശീലിക്കുന്നതിന് നാം  സമയവും ഊർജവും ചെലവഴിക്കേണ്ടതുണ്ട്.
കളിയിലൂടെയോ കഥകൾ വായിക്കുന്നതിലൂടെയോ ചെറിയ ജോലികൾ ചെയ്യാൻ പഠിപ്പിക്കുന്നതിലൂടെയോ കുട്ടിയുടെ ശ്രദ്ധ പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക്  കേന്ദ്രീകരിക്കാൻ കഴിയും. കുട്ടികൾ വളരുന്നതനുസരിച്ച്, അവർ അവരുടെ പഠനത്തിലും ഗൃഹപാഠത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളും അധ്യാപകരും അവർക്ക് ശ്രദ്ധിക്കാനുള്ള ശേഷിയിൽ ബോധപൂർവം പരിശീലനം നൽകിയേ മതിയാവൂ.
ശ്രദ്ധയിൽനിന്ന് അകറ്റുന്ന ശല്യപ്പെടുത്തലുകൾ സോഷ്യൽ മീഡിയ കാലത്ത് ഒഴിവാക്കാൻ നമുക്ക് കൂടുതൽ മികച്ച മാർഗങ്ങൾ ആവശ്യമാണ്. ശ്രദ്ധിക്കാനുള്ള കഴിവ് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമ്മുടെ  മനസ്സ് എവിടെ, എപ്പോൾ കേന്ദ്രീകരിക്കണമെന്ന് തീരുമാനിക്കാൻ നമുക്ക്  കഴിയണം.
നമ്മുടെ ശ്രദ്ധയുടെ ശക്തി വർധിപ്പിക്കാവുന്ന ധാരാളം അവസരങ്ങൾ ദിനേന നമുക്കു ലഭ്യമാണ്. എന്നാൽ പലപ്പോഴും ഈ അവസരങ്ങൾ നാം  അവഗണിക്കുന്നു.
യഥാർത്ഥത്തിൽ ഈ അത്ഭുതകരമായ വൈദഗ്ധ്യം വികസിപ്പിക്കുന്നതിനുള്ള ഒരു വ്യായാമമായി എല്ലാ പ്രവർത്തനങ്ങളെയും മാറ്റാൻ നമുക്ക് കഴിയും. നാം  ചെയ്യുന്ന എല്ലാ  കാര്യങ്ങളിലും ബോധപൂർവം നമ്മുടെ  മനസ്സ് കേന്ദ്രീകരിക്കാൻ തുടങ്ങലാണ് ആദ്യപടി. ഒരു  പിരിമുറുക്കവുമില്ലാതെ നമ്മുടെ  ശ്രദ്ധ അതാത് കാര്യങ്ങളിൽ നിലനിർത്താൻ ശ്രമിക്കുക. അനാവശ്യമായി പിന്തുടരുന്നതും ചെയ്യുന്ന കാര്യവുമായി യാതൊരു ബന്ധവുമില്ലാത്ത ചിന്തകളിൽ മുഴുകുന്നതും ഒഴിവാക്കുക. ഇതിനായി രസകരമായ ന്യൂറോബിക്‌സുകൾ പരിശീലിക്കുന്നത് ഏറെ പ്രയോജനപ്പെടും. നാം ചെയ്യുന്ന ഓരോ കാര്യവും  ദിവസം മുഴുവൻ ആസ്വാദ്യകരമായ മസ്തിഷ്‌ക വ്യായാമമാക്കി മാറ്റാൻ ഇതുവഴി കഴിയും. നമ്മുടെ  ശ്രദ്ധയും ഏകാഗ്രതയും ഇത് വഴി ശക്തിപ്പെടും.
കൂടാതെ എല്ലാ കാര്യങ്ങളും മികച്ചതും വേഗത്തിലും  കൂടുതൽ കാര്യക്ഷമവുമാക്കാനും കഴിയും. ക്രമേണ, നമ്മുടെ  ശ്രദ്ധാശക്തി കൂടുതൽ ശക്തമാകുമ്പോൾ നാം  അഭിമുഖീകരിക്കുന്ന പല കാര്യങ്ങളിൽ നിന്നും അത്യാവശ്യമായതും നിർണായകമായതും മുൻഗണന ക്രമത്തിൽ തെരഞ്ഞെടുക്കുക്കാനും അവയിൽ നമ്മുടെ  ശ്രദ്ധയൂന്നാനും മനസ്സ് ഉറപ്പിക്കാനും നമുക്ക്  കഴിയും. ഒപ്പം ശ്രദ്ധാശൈഥില്യങ്ങളും ബന്ധമില്ലാത്ത ചിന്തകളും അവഗണിക്കാനും കഴിയും. ഒന്നും നമ്മെ  ശല്യപ്പെടുത്താതെ,  ചെയ്യുന്നതെന്തും ഏറെ നേരം സ്വയം ഉൾക്കൊണ്ട് ഏകാഗ്രമായി ചെയ്യാൻ കഴിയുമെന്ന് അപ്പോൾ നമുക്ക് ബോധ്യപ്പെടും.
ഒരു പുസ്തകം വായിക്കുമ്പോൾ വാക്കുകളിലും അർത്ഥത്തിലും നമ്മുടെ  കണ്ണുകളും മനസ്സും ഉറപ്പിക്കാനും നാം  വായിക്കുന്ന കാര്യങ്ങളുമായി ബന്ധമില്ലാത്ത വല്ലതിനെ കുറിച്ചും ചിന്തിക്കുന്നത് ഒഴിവാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. പുറത്തു നിന്നുള്ള ശബ്ദങ്ങളും അപ്രസക്തമായ ചിന്തകളും അവഗണിക്കാൻ നമുക്ക് നിരന്തര പരിശീലനത്തിലൂടെ കഴിയും. കുളിക്കുമ്പോൾ നാം  സോപ്പിട്ട് കഴുകുന്ന ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശ്രദ്ധിക്കുക. വീട് വൃത്തിയാക്കുകയോ പുല്ല് വെട്ടുകയോ പാചകം ചെയ്യുകയോ പഠിക്കുകയോ ചെയ്യുമ്പോൾ ദിവാസ്വപ്‌നം കാണാതെയും മറ്റെന്തെങ്കിലും ചിന്തിക്കാതെയും ഓരോ പ്രവൃത്തിയിലും ചലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. വസ്ത്രം ധരിക്കുമ്പോൾ നമ്മുടെ  മുഴുവൻ ശ്രദ്ധയും വസ്ത്രധാരണത്തിൽ ചെലുത്തുക. ഇഷ്ടപ്പെട്ടില്ലെങ്കിലും, ചെയ്യുന്ന ജോലി ഏറെ പ്രാധാന്യപൂർവം ചെയ്യുക. കഴിക്കുന്ന ഭക്ഷണം ആസ്വദിച്ച് കഴിക്കുക.
നിങ്ങളെ ശ്രദ്ധിക്കുന്നവരെ തിരിച്ചറിയുകയും അവരെ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു നോക്കൂ. ചെല്ലുന്നിടങ്ങളിലെല്ലാം നമ്മുടെ  ജീവിതം കൂടുതൽ ഏകാഗ്രമാവുകയും ആനന്ദദായകമാവുകയും ചെയ്യും. കൂടാതെ പ്രകൃതിയിലെ വിസ്മയങ്ങളിലേക്ക് കണ്ണോടിക്കാൻ മാത്രം ഇടക്കിടെ, സമയമുള്ളപ്പോൾ കുറച്ച് മിനിറ്റുകൾ നാം ദിനേന ചെലവഴിക്കണം.  അത്ഭുതകരമായ ആനന്ദവും തിരിച്ചറിവും അത് പ്രദാനം ചെയ്യും. 
അതു വഴി നമ്മുടെ മനസ്സും മസ്തിഷ്‌കവും കൂടുതൽ ക്രിയാത്മകമാവും. ശ്രദ്ധാശക്തി വികസിക്കും. നമ്മുടെ  ജീവിതത്തിലെ പല സാഹചര്യങ്ങളിലും നമുക്ക് ആ ശീലം  സഹായകമാവുന്നത് നേരനുഭവമാകും.

Latest News