Sorry, you need to enable JavaScript to visit this website.

സുരക്ഷിതമായ ഗർഭധാരണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗർഭധാരണത്തിന് തയാറെടുക്കുന്ന സ്ത്രീകൾ ഏറ്റവും പ്രാധാന്യം നൽകേണ്ടത് അവരുടെ ആരോഗ്യത്തിനാണ്. ആർത്തവ ചക്രം ശ്രദ്ധിച്ചുകൊണ്ട് ആരംഭിക്കാം. ആർത്തവം ക്രമമാണെന്നും അസഹ്യമായ വേദന, അമിത രക്തസ്രാവം തുടങ്ങിയ ബുദ്ധിമുട്ടുകളിൽ നിന്ന് മുക്തമാണെന്നും ഉറപ്പാക്കുക.
ഗർഭധാരണത്തിന് തയാറെടുക്കുമ്പോൾ വളരെ പ്രധാനപ്പെട്ട കാര്യമാണ് ആരോഗ്യകരമായ ശരീര ഭാരം  നിലനിർത്തുക എന്നത്. ഇതിനായി ബോഡി മാസ് ഇന്റക്‌സ് (ബി.എം.ഐ) പരിശോധിക്കാം.  ഉയരത്തിന്റെയും ഭാരത്തിന്റെയും അനുപാതം അടിസ്ഥാനപ്പെടുത്തിയാണ് ബി.എം.ഐ കണക്കാക്കുന്നത്. 18 നും 23 നും ഇടയിലുള്ള ബി.എം.ഐ ആണ് ഏറ്റവും അനുയോജ്യമായി കണക്കാക്കപ്പെടുന്നത്. 30 ന് മുകളിലാണെങ്കിൽ ഭാരം കുറച്ച ശേഷം ഗർഭധാരണത്തിന് ശ്രമിക്കുന്നതാണ് നല്ലത്. കാരണം പൊണ്ണത്തടി ഗർഭധാരണത്തെ കൂടുതൽ വെല്ലുവിളിയാക്കും.


ഡോ. ആമിന

ഗർഭധാരണത്തിന് തയാറെടുക്കുന്ന സ്ത്രീകൾ ഹൃദ്രോഗം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഇക്കാര്യം ഡോക്ടറെ അറിയിക്കേണ്ടതുണ്ട്. ഈ മരുന്നുകളുടെ പാർശ്വഫലം ഗർഭധാരണത്തെ ബാധിക്കുമോ എന്ന് ഉറപ്പു വരുത്തുക. ഏത് രോഗങ്ങൾക്കായാലും സ്വയം ചികിത്സ കഴിവതും ഒഴിവാക്കുക.
നമ്മൾ കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമായ ഗർഭധാരണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഗർഭധാരണത്തിന് സഹായിക്കുന്നതും ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതുമായ സമീകൃതാഹാരങ്ങൾ പതിവാക്കുക. ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്, ഐസ്‌ക്രീം, ബേക്കറി സാധനങ്ങൾ തുടങ്ങിയ ഉയർന്ന കലോറി ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത്തരം ഭക്ഷണ പദാർഥങ്ങൾ പി.സി.ഒ.ഡി (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം), പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇടയാക്കും. ഇതിന് പകരമായി കുറഞ്ഞ അളവിൽ കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ധാരാളമായി പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ശരീരത്തിന് ആവശ്യമുള്ള നല്ല കൊഴുപ്പ്, നന്നായി പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങൾ എന്നിവയും ഭക്ഷണക്രമത്തിൽ ചേർക്കുക.
ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് ഗർഭാവസ്ഥയിൽ മാതാവിൽ  നിന്ന് ലഭിക്കുന്ന പോഷകങ്ങൾ. ഗർഭാവസ്ഥയിൽ കൂടുതൽ പോഷക ഗുണങ്ങൾ ലഭിക്കുന്നതിന് പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ് എന്നിവയുടെ ഉപഭോഗം വർധിപ്പിക്കുന്നത് നല്ലതാണ്. ഗർഭകാലത്ത് നാല് മുതൽ ഏഴ് മാസം വരെയുള്ള കാലഘട്ടത്തിൽ 200 കലോറി അധികമായി ചേർക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് നല്ലതാണ്. എട്ട്, ഒൻപത് മാസങ്ങളിൽ 400 കലോറി കൂടി അധികമായി ലഭിക്കുന്ന തരത്തിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത് നല്ലതാണ്.
കഠിനാധ്വാനം ഉള്ള ശാരീരിക പ്രവർത്തനങ്ങളിൽ  ജാഗ്രത പുലർത്താം. ഗർഭകാലത്ത് ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്ന കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ആദ്യ മൂന്ന് മാസത്തിൽ നടത്തം പോലുള്ള ലഘുവായ വ്യായാമങ്ങൾ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനായി ഫോളിക് ആസിഡ് ഗുളികകൾ കഴിക്കുന്നത് അഭികാമ്യമാണ്.
നാല് മുതൽ ഏഴ് വരെയുള്ള മാസങ്ങളിൽ  സ്‌ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. അതേസമയം കഠിനാധ്വാനം വേണ്ടതും ഭാരം ചുമക്കേണ്ടതുമായ പ്രവർത്തനങ്ങൾ ഒഴിവാക്കണം. അവസാന മാസങ്ങളിൽ  ശരീരത്തിന് ആയാസരഹിതമായ കിടന്നുകൊണ്ടുള്ള വ്യായാമങ്ങൾ വേണം തെരഞ്ഞെടുക്കാൻ. നാലാം മാസം മുതൽ ഡോക്ടർമാരുടെ നിർദേശപ്രകാരം ഇരുമ്പ്, കാൽസ്യം എന്നിവ അടങ്ങിയ ഗുളികകൾ കഴിക്കുന്നതും നല്ലതാണ്.
ഗർഭധാരണത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഗർഭം അലസാനുള്ള സാധ്യത കൂടുതലാണ്. ഏറ്റവുമധികം ജാഗ്രത പാലിക്കേണ്ട സമയമാണിത്. സങ്കീർണതകളോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലെങ്കിൽ നടത്തം ഉൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ തുടരാവുന്നതാണ്. ഇക്കാലയളവിൽ ദീർഘദൂര യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളിൽ.

(കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ സീനിയർ സ്‌പെഷ്യലിസ്റ്റാണ് - ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി- ലേഖിക)

Latest News