വിസ്താര എയര്‍ലൈന്‍സില്‍ ക്യാബിന്‍ ക്രൂ മെമ്പറായി ജോലിയില്‍ പ്രവേശിച്ച് നടി കൃതിക പ്രദീപ്. വിസ്തരയുടെ യൂണിഫോമും ടാഗും അണിഞ്ഞ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കൃതിക തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. പത്തിലധികം സിനിമകളിലഭിനയിച്ച താരം സൈക്കോളജി ബിരുദധാരിയാണ്.
2014 ല്‍ ബാല നടിയായി 'വില്ലാളിവീരന്‍' എന്ന സിനിമയില്‍ വെള്ളിത്തിരയില്‍ എത്തിയ കൃതിക 2018 ല്‍ 'മോഹന്‍ലാല്‍' എന്ന ചിത്രത്തില്‍ മഞ്ജു വാരിയരുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു. ആദി, കൂദാശ, പത്താം വളവ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ഗായിക കൂടിയായ കൃതിക മോഡലിംഗ് രംഗത്തും സജീവമാണ്.
പഠനത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരം സൈക്കോളജി പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ക്യാബിന്‍ ക്രൂ ആകാനുള്ള പരിശീലനത്തിലായിരുന്നു. അങ്ങനെ തന്റെ സ്വപ്ന ജോലി കരസ്ഥമാക്കിയ അവര്‍ 'ഔദ്യോഗികമായി വിസ്താര ക്യാബിന്‍ ക്രൂ ആയിരിക്കുന്നു' എന്ന തലക്കെട്ടോടെയാണ് മറ്റു ക്രൂ മെമ്പേഴ്‌സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. ജോലിയോടൊപ്പം അഭിനയവും തുടരുമോ എന്ന് താരം വ്യക്തമാക്കിയിട്ടില്ല.
എം.ടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൃതികയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.