ആയിരം കോടി രൂപ കൂടി കേരളം കടമെടുക്കുന്നു

തിരുവനന്തപുരം- കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം ആയിരം കോടി രൂപ കൂടി കടമെടുക്കുന്നു. ഇതിനായി കടപ്പത്രം പുറപ്പെടുവിക്കും. 

നിലവില്‍ ഏഴു മാസത്തേക്ക് 4,352 കോടി രൂപയുടെ കടമെടുപ്പ് സാധ്യതയാണ് കേരളത്തിനുള്ളത്. അതില്‍ നിന്നാണ് ആയിരം കോടി രൂപ കൂടി കടമായെടുക്കുന്നത്. 

സാമ്പത്തിക വര്‍ഷത്തെ അവസാന 3 മാസത്തേക്കാണ് കൂടുതല്‍ സാമ്പത്തിക ചെലവുണ്ടാകുക. ഇത്തരത്തില്‍ വായ്പയെടുത്ത് മുന്നോട്ടുപോയാല്‍ അടുത്ത രണ്ട് പാദങ്ങളിലും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ധന ഉത്തരവാദിത്വ നിയമം അനുസരിച്ച് വാര്‍ഷിക കടമെടുപ്പും ബാധ്യതകളും സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനമായി കേന്ദ്രം പരിമിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2.2 ശതമാനം കടമെടുപ്പിനുള്ള അനുവാദം മാത്രമേ ലഭിച്ചുള്ളൂ.

ഈവര്‍ഷം ആദ്യം 20,522 കോടി രൂപയുടെ അനുമതി ലഭിച്ചു. തുടര്‍ന്ന് 1,330 കോടിക്കു കൂടി അനുമതിയായി. അതോടെ വായ്പാലഭ്യത 21,852 കോടിയായി. സെപ്തംബര്‍ വരെ വായ്പയെടുത്തത് 17,500 കോടി രൂപയാണ്.

Latest News