ബിഎഡിന് അംഗീകാരമില്ല, ബഹ്‌റൈനില്‍ ഇന്ത്യന്‍ അധ്യാപകര്‍ പ്രതിസന്ധിയില്‍

മനാമ - ഇന്ത്യയില്‍ നിന്നുളള ബിഎഡ് സര്‍ട്ടിഫിക്കറ്റ് അയോഗ്യമെന്ന് ഏജന്‍സി കണ്ടെത്തിയത് ബഹ്‌റൈനിലെ അധ്യാപകര്‍ക്ക് പ്രതിസന്ധിയായി. നാട്ടില്‍ പഠനം കഴിഞ്ഞെത്തിയ ബഹ്‌റൈനിലെ പല അധ്യാപകരും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ അയോഗ്യരായിരിക്കുകയാണ്. ബിരുദവും, ബിരുദാനന്തര ബിരുദവും ബിഎഡ് കോഴ്‌സും പൂര്‍ത്തിയാക്കിയ പല അധ്യാപകരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ അയോഗ്യമാണെന്ന് കണ്ടെത്തിയതാണ് അധ്യാപകര്‍ക്ക് തിരിച്ചടയാക്കിയത്.  ഇന്ത്യയിലെ പല സര്‍വകലാശാലകളില്‍നിന്നു ബിഎഡ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളില്‍ വര്‍ഷങ്ങള്‍ക്ക് ജോലിക്ക് ചേര്‍ന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍പോലും അയോഗ്യമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ജോലിയില്‍ പ്രവേശിച്ച ചില അധ്യാപകരെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലി നേടിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ക്വാഡ്രാബേ എന്ന രാജ്യാന്തര ഏജന്‍സിയാണ് ബഹ്‌റൈന്‍ മന്ത്രാലയത്തിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. സ്വന്തം ചെലവില്‍ ക്വഡ്രാബേയില്‍  സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്ത ശേഷം അതിന്റെ ഫലം സ്‌കൂളുകള്‍ ഉറപ്പാക്കണമെന്ന നിബന്ധന എല്ലാ സ്‌കൂളുകളും നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ്  അധ്യാപകരോട് സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍  നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഭൂരിപക്ഷം അധ്യാപകരും അവരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍  ക്വാഡ്രാബേയില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. അതോടെയാണ് പല അധ്യാപകരുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനാഫലം  നെഗറ്റിവ് ആയത്.

 

Latest News