ഹൈദരാബാദ്-കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി സായ് പല്ലവി വിവാഹിതയായി എന്ന പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്. സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിക്കൊപ്പം പൂമാലയിട്ട് ചിരിയോടെ നില്‍ക്കുന്ന സായ്യുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പൂമാലയിട്ട് സംവിധായകനൊപ്പമുള്ള സായ്യുടെ ചിത്രം പങ്കുവച്ചാണ് പലരും താരം വിവാഹിതയായി എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നത്. 'ഒടുവില്‍ അവള്‍ വിവാഹിതയായി. പ്രണയത്തിന് നിറം ഒരു പ്രശ്നമല്ലെന്ന് അവള്‍ തെളിയിച്ചു, ഹാറ്റ്സ് ഓഫ് ടു സായ് പല്ലവി' എന്നാണ് നടിയുടെ ഫാന്‍ പേജില്‍ എത്തിയ ഒരു പോസ്റ്റ്. നിരവധിപ്പേരാണ് നടിയ്ക്ക് അഭിനന്ദനം നേര്‍ന്നു കൊണ്ട് കമന്റ് ചെയ്തത്
സായ് പല്ലവിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ എക്സിലും എത്തുന്നുണ്ട്. എന്നാല്‍ ഈ വൈറല്‍ ചിത്രം മറ്റൊരു ചിത്രത്തില്‍ നിന്നും കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നതാണ്. ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ പൂജാ ചടങ്ങിലെ ചിത്രമാണിത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ശിവകാര്‍ത്തികേയന്റെ 21-ാം ചിത്രത്തിന്റെ 'എസ്‌കെ21' എന്ന ബോര്‍ഡും പിടിച്ചാണ് സംവിധായകന്‍ രാജ്കുമാര്‍ നില്‍ക്കുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ആണ് എസ്‌കെ21 നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ കമലും എത്തിയിരുന്നു.