കുര്‍മി ട്രെയിന്‍ തടയലില്‍ നിരവധി ട്രെയിനുകള്‍ റദ്ദാക്കി

റാഞ്ചി- വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കുര്‍മി സമുദായാംഗങ്ങളുടെ ട്രെയിന്‍ തടയലില്‍ വന്ദേഭാരത് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെയും ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെയും ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു.

വന്ദേഭാരത് എക്‌സ്പ്രസ്, ഹൗറാ, മുംബൈ തുരന്തോ എക്‌സ്പ്രസ് അടക്കമുള്ള ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയെന്നും ഒന്‍പത് ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടുവെന്നും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ വ്യക്തമാക്കി.

ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീശ എന്നിവിടങ്ങളില്‍ ഒന്‍പത് സ്റ്റേഷനുകളിലാണ് കുര്‍മി പ്രക്ഷോഭകാരികള്‍ ട്രെയിന്‍ തടയുന്നത്. സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കണമെന്നും കുര്‍മാലി ഭാഷ ഭരണഘടനയുടെ എട്ടാമത്തെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കുര്‍മി വിഭാഗം അനിശ്ചിതകാല റെയില്‍, റോഡ് തടയല്‍ സമരം പ്രഖ്യാപിച്ചത്. 

കുര്‍മി സമരം അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു. താത്കാലികമായി തങ്ങള്‍ പ്രക്ഷോഭം പിന്‍വലിക്കുകയാണെന്ന് കുര്‍മി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രക്ഷോഭകാരികള്‍ സമരത്തില്‍ നിന്നും പിന്തിരിഞ്ഞിട്ടില്ല.

Latest News