ചിരിച്ചെപ്പ് തുറന്ന് 'തോൽവി എഫ്.സി' ടീസർ

ചിരിച്ചെപ്പ് തുറന്ന് രസികൻ കുടുംബ കഥയുമായി തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന 'തോൽവി എഫ്.സി'യുടെ ടീസർ പുറത്തിറങ്ങി. തൊട്ടതെല്ലാം പൊട്ടി പാളീസാകുന്ന കുരുവിളക്കും കുടുംബത്തിനും തോൽവി കൂടപ്പിറപ്പാണ്. ജോലി, പണം, പ്രണയം തുടങ്ങി എല്ലാം ആ കുടുംബത്തിലെ ഓരോരുത്തർക്കും കൈവിട്ടു പോകുന്നു. ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങളാണ് ഹാസ്യത്തിന്റെ അകമ്പടിയിൽ തോൽവി എഫ്.സിയിലൂടെ സംവിധാനയകൻ ജോർജ് കോര അവതരിപ്പിക്കുന്നത്. 
ബംഗളൂരുവിൽ കംഫർട്ടബിളായ ഐ.ടി ജോലി വിട്ട് സ്വന്തം നാട്ടിൽ ചായ് നേഷൻ എന്ന സംരംഭം ആരംഭിക്കുകയാണ് കുരുവിളയുടെ മൂത്ത മകൻ ഉമ്മൻ. 
കളിക്കുന്ന എല്ലാ കളികളിലും തോൽവി മാത്രമാണ് രണ്ടാമത്തെ മകൻ തമ്പിയുടെ ഫുട്‌ബോൾ ക്ലബ്ബായ തമ്പി എഫ്.സിക്ക്. ക്രിപ്‌റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് പറ്റിക്കപ്പെടുകയാണ് കുരുവിള. കുരുവിളയായി ജോണി ആന്റണിയും ഉമ്മനായി ഷറഫുദ്ദീനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കുരുവിളയുടെ ഇളയ മകന്റെ വേഷത്തിൽ എത്തിയിരിക്കുന്നതും ജോർജ് കോരയാണ്. ജോർജ് കോര തന്നെ രചനയും നിർവഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.  
അൽത്താഫ് സലീം, മീനാക്ഷി രവീന്ദ്രൻ, ആശ മഠത്തിൽ, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാലതാരങ്ങളായ എവിൻ, കെവിൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നേഷൻവൈഡ് പിക്‌ചേഴ്‌സിന്റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് നിർമാണം. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മന്നത്താനിൽ എന്നിവർ സഹ നിർമാതാക്കൾ. ക്യാമറ: ശ്യാമപ്രകാശ് എം.എസ്, എഡിറ്റർ, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്‌സ്,  പാട്ടുകൾ ഒരുക്കുന്നത് വിഷ്ണു വർമ, കാർത്തിക് കൃഷ്ണൻ, സിജിൻ തോമസ്. 

Latest News