ലാലു അലക്‌സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്. ജയഹരി സംഗീതം നൽകി 'മായികാ' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്.
ബാംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്ര നിർമിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത് ശ്രീജിത്ത് ചന്ദ്രൻ. ഒക്ടോബർ ആദ്യ വാരം ചിത്രം തിയേറ്റർ റിലീസിനെത്തുമെന്ന് നിർമാതാവ് അറിയിച്ചു.
ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇർഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി. ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു മുഴുനീള ഫാമിലി എന്റർടെയ്‌നറായ ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിതാര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.
ക്യാമറ: നിജയ് ജയൻ, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരിൽ, സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാർ, ആർട്ട്: ആസിഫ് എടയാടൻ, കോസ്റ്റ്യൂം, പി.ആർ.ഒ പി. ശിവപ്രസാദ്.