സംശയം കൂടി, വയനാട്ടില്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടു

കല്‍പറ്റ-വയനാട്ടില്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടു. വെണ്ണിയോട് കൊളവയല്‍ മുകേഷാണ്(34)ഭാര്യ അനിഷയെ(35) കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. കൃത്യത്തിനുശേഷം മുകേഷാണ് പോലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചത്. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വെണ്ണിയോട്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ സ്വീകരണമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു  മൃതദേഹം. മൂക്കും ചൂണ്ടും ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ അടിയേറ്റ് തകര്‍ന്നിട്ടുണ്ട്. അനിഷയ്ക്കു വെട്ടേറ്റതായും സംശയമുണ്ട്. പെയിന്റിംഗ് തൊഴിലാളിയാണ് മുകേഷ്. അനിഷ പനമരത്ത് വസ്ത്രാലയത്തില്‍ ജീവനക്കാരിയാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനിഷ പനമരം പുലച്ചിക്കുനി സ്വദേശിനിയാണ്. പ്രണയത്തിലായിരുന്ന മുകേഷും അനിഷയും 2022 നവംബറിലാണ് വിവാഹിതരായത്. മുകേഷിന്റെ മാതാവ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ് ഇവര്‍. മുകേഷിന്റെ പിതാവ് നേരത്തേ മരിച്ചതാണ്. ഭാര്യയിലുള്ള സംശയമാണ് മുകേഷിനെ ക്രൂര കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന അനുമാനത്തിലാണ് നാട്ടുകാര്‍. മുകേഷ് പോലീസ് കസ്റ്റഡിയിലാണ്.

Latest News