മറാത്ത സംവരണം: മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി ജീവനൊടുക്കി

ഔറംഗാബാദ്- വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മറാത്ത സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി ജീവനൊടുക്കി. ഔറംഗാബാദില്‍ ട്രെയിനിനു മുന്നില്‍ ചാടിയാണ് 35 കാരന്‍ ആത്മഹത്യ ചെയ്തത്. സംവരണ ആവശ്യത്തെ പിന്തുണച്ച് താന്‍ ജീവനൊടുക്കുമെന്ന സന്ദേശം ഫേസ്ബുക്കിലും വാട്‌സാപ്പിലും ഷെയര്‍ ചെയ്ത ശേഷമാണ് പ്രമോദ് ജെയ്‌സിംഗ് ഹോറെ എന്നയാള്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചതെന്ന് മുകുന്ദ്‌വാഡി പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ നാഥ ജാദവ് പറഞ്ഞു. സെന്‍ട്രല്‍ മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലുള്‍പ്പെടുന്ന മുകുന്ദ്‌വാഡിയില്‍ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷക്ക് തയാറെടുത്തിരുന്ന യുവാവ് മറാത്ത സംവരണം ഒരു ജീവനെടുക്കുമെന്ന് ഫേസ്ബുക്കില്‍ വേറെയും പോസ്റ്റ് ചെയ്തിരുന്നു. കടുത്ത നടപടി സ്വീകരിക്കരുതെന്ന് ഹോറെയുടെ നിരവധി സുഹൃത്തുക്കള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വഴങ്ങിയില്ല. ഇന്നലെ രാവിലെയാണ് മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്. മരണവാര്‍ത്തയറിഞ്ഞ വന്‍ ജനാവലി അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ തടിച്ചുകൂടി. മറാത്ത സമുദായത്തിന്റെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതുവരെ ഹോറെയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മുകുന്ദ്‌വാഡിയില്‍ ഷോപ്പ് നടത്തുകയായിരുന്ന ഹോറെയുടെ ഭാര്യ ഗ്രാമസേവികയായി ജോലി ചെയ്യുകയാണ്.
അതിനിടെ, സംവരണ പ്രക്ഷോഭകര്‍ ജല്‍ന റോഡ് ഉപരോധിച്ചു. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 16 ശതമാനം സംവരണം ആവശ്യപ്പെട്ട് മറാത്ത സമുദായം നടത്തുന്ന പ്രക്ഷോഭം ശക്തമായതിനു പിന്നലെ പോയ വാരത്തില്‍ മൂന്ന് പ്രക്ഷോഭകര്‍ ജീവനൊടുക്കിയിരുന്നു. സംസ്ഥാന ജനസംഖ്യയില്‍ 30 ശതമാനം വരുന്ന മറാത്തകള്‍ക്ക് രാഷ്ട്രീയമായും സ്വാധീനമുണ്ട്. ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ചും മറ്റും നടത്തിയിരുന്ന പ്രക്ഷോഭകര്‍ കഴിഞ്ഞയാഴ്ച പലയിടത്തും അക്രമാസക്തരായിരുന്നു. നിരവധി വാഹനങ്ങള്‍ കത്തിച്ചിരുന്നു. ചര്‍ച്ചക്ക് തയാറാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചതിനെ തുടര്‍ന്നാണ് പരക്കെ അക്രമങ്ങള്‍ അരങ്ങേറിയ ബന്ദ് പിന്‍വലിച്ചിരുന്നത്.

 

Latest News