കരുവന്നൂര്‍ കള്ളപ്പണ കേസ്: എ.സി മൊയ്തീന്‍ ഹാജരായില്ല

കൊച്ചി- കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍  എ.സി. മൊയ്തീന്‍ എം.എല്‍.എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യം ചെയ്യലിന് ഹാജരായില്ല. എം.എല്‍.എമാര്‍ക്കുള്ള ക്ലാസില്‍ പങ്കെടുക്കേണ്ടതിനാല്‍ എത്താന്‍ കഴിയില്ലെന്നാണ് ഇമെയില്‍ മുഖേന എ.സി മൊയ്തീന്‍ ഇ.ഡിയെ അറിയിച്ചത്. ഹാജരാവാത്ത സാഹചര്യത്തില്‍ എ.സി മൊയ്തീന് ഇ.ഡി വീണ്ടും നോട്ടീസ് നല്‍കും. സാക്ഷി എന്ന നിലയിലായിരിക്കും നോട്ടീസ്.
കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ഹാജരായ മൊയ്തീന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കിയ രേഖകള്‍ അപൂര്‍ണമാണെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പൂര്‍ണ വിവരങ്ങളടങ്ങിയ രേഖകളടക്കം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഇ.ഡി വ്യാപകമായി റെയ്ഡ് നടത്തുകയും മൊയ്തീന്‍ ഉള്‍പ്പെടെയുവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുകയും ചെയ്ത സാഹച്യര്യത്തില്‍ ഇദ്ദേഹം ഇന്നലെ ഹാജരാവില്ലെന്ന് സൂചനകളുണ്ടായിരുന്നു. ഹാജരായാല്‍ മൊയ്തീനെ ഇ.ഡി വെറുതെ വിടില്ലെന്നും, അത് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചിരുന്നു. അതേസമയം ഇദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണത്രെ നീക്കം.

 

Latest News