ഭാര്യയുമായി ബന്ധപ്പെടുന്ന സമയത്ത് വാതിലില്‍ മുട്ടാമോ... മേയര്‍ കാണിച്ചത് മര്യാദകേടെന്ന് നടന്‍ വിനായകന്‍

കൊച്ചി- ഭാര്യയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ വാതിലില്‍ വന്ന മുട്ടാമോ... അത് മര്യാദയാണോ. അതുകൊണ്ടാണ് മേയറോട് വരണ്ട എന്ന് പറഞ്ഞത്. എന്നിട്ടും നിങ്ങള്‍ വന്ന് ബെല്ലടിച്ചാല്‍ അത് മര്യാദകേടല്ലേ... സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ വീട്ടില്‍ അഭിനന്ദിക്കാനെത്തിയ കൊച്ചി മേയറെ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടിയായി നടന്‍ വിനായകന്‍ പറഞ്ഞു.
മേയര്‍ ഫോണില്‍ വിളിച്ചപ്പോള്‍ത്തന്നെ ഫ്ളാറ്റിലേക്ക് വരരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. അത് അവഗണിച്ചാണ് മേയര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഫ്ളാറ്റിലെത്തിയത്. ആ സമയത്ത് വാതില്‍ തുറക്കാതിരുന്നതിനു കാരണമുണ്ട്. എട്ടുമാസത്തിനുശേഷമാണ് ജോലിസ്ഥലത്തുനിന്ന് ഭാര്യ വീട്ടിലെത്തിയത്. ആ സമയത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണ് മേയറോട് വരരുത് എന്ന് പറഞ്ഞത്. എന്നിട്ടും നിങ്ങള്‍ വന്ന് ബെല്ലടിച്ചാലോ? അതാണ് പറയുന്നത് മര്യാദയില്ലാത്ത സമൂഹം എന്ന്. ഒരു വീട്ടിലേക്ക് കയറിവരുമ്പോള്‍ കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അതില്ല. ആ മര്യാദയില്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയില്ല.
അഭിനന്ദിച്ചിട്ട് എനിക്ക് എന്തുകിട്ടി? ആ നൂറ് രൂപയുടെ തുണി പിറ്റേദിവസം ഞാന്‍ വലിച്ചെറിഞ്ഞു കളഞ്ഞു. എന്തിനാണ് അവര്‍ വന്നത്? ഫോട്ടോ എടുക്കാനായിരുന്നില്ലേ? നെറ്റിപ്പട്ടം കെട്ടിക്കാന്‍ എന്നെ എഴുന്നള്ളിക്കേണ്ട. തൃശൂര്‍ പൂരം നടന്നുകൊണ്ടേയിരിക്കും. ആന മരിച്ചുകൊണ്ടേയിരിക്കും. ഞാന്‍ നെറ്റിപ്പട്ടം കെട്ടാന്‍ വന്ന ആനയല്ല. അതിന് എന്നെ വിളിക്കേണ്ട- വിനായകന്‍ പറഞ്ഞു.
ആ സംഭവത്തിന്റെ പേരില്‍ തനിക്കുനേരെ ഹീനമായ ആക്രമണമാണ് ഉണ്ടായത്. എന്നാല്‍ വസ്തുത ആരും നോക്കിയില്ല. അന്ന് തന്റെ തള്ളക്ക് വിളിച്ച സമൂഹമാണ് ഇവിടെയുള്ളതെന്നും താന്‍ എന്താണെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും വിനായകന്‍ പറഞ്ഞു.
അവാര്‍ഡ് കിട്ടിയപ്പോള്‍ വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ അമ്മയെ ചുംബിക്കാന്‍ പറഞ്ഞു. ജീവിതത്തില്‍ അഭിനയമില്ലെന്ന് മറുപടി പറഞ്ഞു.

 

Latest News