അഹമ്മദാബാദ്- ഗുജറാത്തില്‍ ഇന്നലെ മുതല്‍ പെയ്യുന്ന കനത്ത മഴക്ക് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ശമനമില്ല. വഡോദര, ഗാന്ധിനഗര്‍, നര്‍മദ, പാഞ്ച്മഹല്‍, ഭറൂച്ച്, ആനന്ദ് തുടങ്ങിയ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി. ഇവിടെ നിന്നുളള 11,900 പേരെ താല്‍ക്കാലിക ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
റോഡുകളില്‍ പലയിടത്തും മരങ്ങളും മറ്റും വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. വെള്ളം കയറിയ പ്രദേശത്ത് ഒറ്റപ്പെട്ട 270 പേരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി രക്ഷപെടുത്തിയതായും അധികൃതര്‍ അറിയിച്ചു.
ബറൂച്ചില്‍ നര്‍മദ നദി അപകടനിലക്ക് മുകളിലാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയും എന്‍ഡിആര്‍എഫും അടക്കം രക്ഷാദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്. വെളളം പൊങ്ങിയ പ്രദേശങ്ങളില്‍ ബോട്ടുകളിലും മറ്റുമെത്തിയാണ് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. നിരവധി പ്രദേശങ്ങളില്‍ കെട്ടിടങ്ങളുടെ ഒന്നാം നില മുങ്ങുന്ന അളവില്‍ വെളളം നിറഞ്ഞിട്ടുണ്ട്.
നര്‍മദ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ മുംബൈ-അഹമ്മദാബാദ് പാതയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. 12 മണിക്കൂറിന് ശേഷം ജലനിരപ്പ് അല്‍പം താഴ്ന്നതോടെ ഇത് പുനസ്ഥാപിച്ചതായി വെസ്‌റ്റേണ്‍ റെയില്‍വേ അറിയിച്ചു.
രാജസ്ഥാനിലും പല ജില്ലകളിലും ശക്തമായ മഴയാണ് ലഭിച്ചത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഓറഞ്ച് അലെര്‍ട്ടും നല്‍കിയിട്ടുണ്ട്.






