ദോഹ- ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖരായ പത്മശ്രീ സന്തോഷ് ശിവൻ, സംവിധായകൻ ലാൽ ജോസ്, ദേശീയ അവാർഡ് ജേതാവ് സലിം കുമാർ, തിരക്കഥാകൃത്ത് എസ്.എൻ സ്വാമി എന്നിവരെ പങ്കെടുപ്പിച്ച് ഇവന്റോസ് മീഡിയ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു.
'24 റീൽസ് ഫിലിം വർക്ഷോപ്പ്' എന്ന പേരിൽ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ശിൽപശാലയിൽ സിനിമാമേഖലയോട് ആഭിമുഖ്യവും അഭിരുചിയുമുള്ള നൂറിലധികം പേർ പങ്കെടുത്തു.
ദീർഘകാല അനുഭവസമ്പത്തുള്ള നാല് ചലച്ചിത്ര പ്രതിഭകൾ ഒരുമിച്ച് ശിൽപശാലയിൽ എത്തിയത് പങ്കെടുത്തവർക്ക് നവ്യനുഭവമായി. രണ്ടു ദിവസമായി നടന്ന ശിൽപശാലയിൽ സംവിധാനം, ഛായാഗ്രഹണം, തിരക്കഥാരചന, അഭിനയം തുടങ്ങിയ സെഷനുകളാണ് അതിഥികൾ കൈകാര്യം ചെയ്തത്.
അതിഥികളുമായി നേരിട്ട് സംവദിക്കാനും പരിശീലനകളരിയുടെ ഭാഗമാവാനും പങ്കെടുത്തവർക്ക് സംഘാടകർ അവസരമൊരുക്കി. ആഗ്രഹത്തോടൊപ്പം സ്ഥിരോത്സാഹവും ആത്മവിശ്വാസവും ചേരുമ്പോഴാണ് നമ്മളെത്തിച്ചേരേണ്ട ഇടത്തേക്കുള്ള വഴി തെളിയുക എന്ന് ശിൽപശാല നിയന്ത്രിച്ച സംവിധായകൻ ലാൽ ജോസ് പറഞ്ഞു.
ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളായ എ.പി മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി അബ്ദുറഹ്മാൻ, ഇവന്റോസ് മീഡിയ ഡയറക്ടർ ഫെമിന എന്നിവരം സംസാരിച്ചു. ആർ.ജെ രതീഷ്, തുഷാര എന്നിവർ അവതാരകരായിരുന്നു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ സമാപനചടങ്ങിൽ സമ്മാനിച്ചു.