രണ്ടാം ലോക മഹായുദ്ധകാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ ഓൾഡ് വാർ ഓഫീസ് പുനരുദ്ധരിച്ച് ആഡംബര ഹോട്ടലാക്കി മാറ്റി ഹിന്ദുജ ഗ്രൂപ്പ്. ലണ്ടൻ നഗര ഹൃദയ ഭാഗത്തുള്ള ഈ ആഡംബര ഹോട്ടലിന്റെ ഉദ്ഘാടനം 26 ന് നടക്കും. ഹിന്ദുജ ഗ്രൂപ്പ് ആഗോള പ്രശസ്ത റാഫിൾസ് ഹോട്ടൽസ് ആന്റ് റിസോർട്ട്സുമായി സഹകരിച്ചാണ് ആഡംബര ഹോട്ടൽ ആരംഭിക്കുന്നത്. വൈറ്റിഹാളിൽ ഡൗണിങ് സ്ട്രീറ്റിന് എതിർവശത്തുള്ള ഈ കെട്ടിടം എട്ട് വർഷം മുൻപാണ് ഹിന്ദുജ കുടുംബം കരസ്ഥമാക്കിയത്. തുടർന്ന് ഇത് ആഡംബര വസതികളും റസ്റ്റോറന്റുകളും സ്പാകളും ഉൾപ്പെടുന്ന ഒരു ഹബ് ആക്കി മാറ്റുവാൻ റാഫിൾസ് ഹോട്ടൽസുമായി സഹകരണമുണ്ടാക്കി.
ബ്രിട്ടീഷ് വാസ്തുശിൽപിയായ വില്യം യങ് രൂപകൽപന ചെയ്ത ഓൾഡ് വാർ ഓഫീസ് 1906 ലാണ് പൂർത്തിയാക്കിയത്. അതിനു മുൻപ് ഈ സൈറ്റ് വൈറ്റ്ഹാൾ ഒറിജിനൽ പാലസ് ആയിരുന്നു. വിൻസ്റ്റൺ ചർച്ചിലും ഡേവിഡ് ലോയ്ഡ് ജോർജും പോലുള്ള രാഷ്ട്രീയ, സൈനിക നേതാക്കൾ ഇവിടെയുള്ള ഓഫീസിൽ പ്രവർത്തിച്ചിരുന്നു. ഇതിന്റെ വാസ്തുശിൽപ സൗന്ദര്യം പിന്നീട് ജെയിംസ് ബോണ്ട് ചിത്രങ്ങൾക്കും വളരെ അടുത്ത കാലത്ത് ദി ക്രൗൺ നെറ്റ്ഫ്ലിക്സ് പരമ്പരക്കും പശ്ചാത്തലമായിരുന്നു.
നൂറുകണക്കിന് കരകൗശല വിദഗ്ധരുടെ സഹായത്തോടെയുള്ള നവീകരണ ഭാഗമായി, അതിലോലമായ മൊസൈക് ഫ്ളോറുകൾ, ഓക് പാനലിംഗ്, തിളങ്ങുന്ന ഷാൻഡിലിയറുകൾ, ഗംഭീരമായ മാർബിൾ ഗോവണി എന്നിവ ഉൾപ്പെടെയുള്ള ചരിത്രപരമായ ഇന്റീരിയർ ഘടകങ്ങൾ പുനഃസ്ഥാപിച്ചു. 120 മുറികളും സ്യൂട്ടുകളും ഷെഫ് മൗറോ കൊളാഗ്രെക്കോയുടെ സിഗ്നേച്ചർ ഡൈനിംഗ് അനുഭവങ്ങളും ഗ്രാൻഡ് ബാൾറൂം ഉൾപ്പെടെയുള്ള വിനോദ സ്ഥലങ്ങളും ഓൾഡ് വാർ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്.