Sorry, you need to enable JavaScript to visit this website.

19 മലയാളി നഴ്‌സുമാര്‍ ജയിലില്‍; അറസ്റ്റിലായവരില്‍ മുലയൂട്ടുന്ന അമ്മമാര്‍വരെ

ദുബായ്- കുവൈത്തില്‍ 19 മലയാളി നഴ്‌സുമാര്‍ ജയിലില്‍.  അറസ്റ്റിലായവരില്‍ മുലയൂട്ടുന്ന അമ്മമാരുമുണ്ട്. ഒരുമാസം പ്രായമായ കുഞ്ഞിന്റെ അമ്മ ഉള്‍പ്പെടെയുള്ളവരാണ് ജയിലിലാക്കപ്പെട്ടത്. അടിയന്തരമായി നയതന്ത്ര ഇടപെടല്‍ ആവശ്യമാണെന്നാണ് അറസ്റ്റിലായ നഴ്‌സുമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്. ഇതില്‍ അടൂര്‍ സ്വദേശി ജെസ്സിന് ഒരു മാസം മാത്രം പ്രായമായ കുഞ്ഞുണ്ട്. ജെസ്സിനു പുറമേ മുലയൂട്ടുന്ന അമ്മമാരായ 4 മലയാളി നഴ്‌സുമാര്‍ കൂടി അറസ്റ്റിലായവരില്‍ ഉണ്ട്. പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയില്‍ പ്രവേശിച്ച അന്നാണു ജെസ്സിന്‍ അറസ്റ്റിലായത്.  കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരില്‍ 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേര്‍ പിടിയിലായത്. ലൈസന്‍സ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍, പിടിയിലായ മലയാളി നഴ്‌സുമാരെല്ലാം സ്ഥാപനത്തില്‍ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കള്‍ പറയുന്നു. എല്ലാവര്‍ക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പും ഉണ്ട്. പലരും 3 മുതല്‍ 10 വര്‍ഷം വരെയായി ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്. ഇറാന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. നല്ല രീതിയില്‍ നടന്നിരുന്ന ആശുപത്രിയില്‍ അടുത്തിടെ സ്‌പോണ്‍സറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തര്‍ക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.കുവൈത്തിലെ ഇന്ത്യന്‍ എംബസിയും കേന്ദ്ര മന്ത്രി വി.മുരളീധരനും ഇടപെട്ടതിനെ തുടര്‍ന്നാണു ജയിലില്‍ കുഞ്ഞുങ്ങള്‍ക്കു മുലയൂട്ടാന്‍ അവസരം ഒരുക്കിയത്. കേന്ദ്ര സര്‍ക്കാരും എംബസിയും ഇടപെട്ട് ഇവരുടെ മോചനം സാധ്യമാക്കണമെന്ന് നാട്ടിലെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 

Latest News