ആമസോണില്‍ രണ്ടായിരം രൂപ നോട്ടുകള്‍ സ്വീകരിക്കില്ല

ന്യൂദല്‍ഹി- സെപ്തംബര്‍ 19 മുതല്‍ ക്യാഷ് ഓണ്‍ ഡെലിവറി സേവനങ്ങളില്‍ രണ്ടായിരം രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ഇ-കൊമേഴ്സ് സ്ഥാപനം ആമസോണ്‍. 2,000 രൂപ നോട്ട് മാറുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള സമയപരിധി സെപ്റ്റംബര്‍ 30 അവസാനിക്കാനിരിക്കെയാണ് ആമസോണിന്റെ പുതിയ അപ്ഡേറ്റ്.

അതേസമയം തേര്‍ഡ് പാര്‍ട്ടി കൊറിയര്‍ പങ്കാളി വഴിയാണ് ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതെങ്കില്‍ ക്യാഷ് ഓണ്‍ ഡെലിവറിയില്‍ 2000 രൂപ സ്വീകരിക്കാമെന്നും ആമസോണ്‍ വ്യക്തമാക്കി.

ഈ വര്‍ഷം മെയ് മാസമാണ് 2000 രൂപയുടെ നോട്ടുകളുടെ വിതരണം നിര്‍ത്തലാക്കിയ വിവരം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ടുകള്‍ മാറ്റി വാങ്ങാനും നിക്ഷേപിക്കാനുമായി സെപ്റ്റംബര്‍ 30 വരെ സാധിക്കുമെന്നും പിന്നീട് അറിയിച്ചിരുന്നു. എന്നാല്‍ ഈ സമയപരിധിക്കു ശേഷവും നോട്ടുകള്‍ അസാധുവാക്കില്ലെന്നും അറിയിച്ചിരുന്നു.

2016 നവംബറില്‍ ഒറ്റരാത്രികൊണ്ട് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. പിന്നാലെയാണ് 2,000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ വന്നത്. ഈ നോട്ടുകളുടെ അച്ചടി 2018ല്‍ അവസാനിപ്പിക്കുകയും ചെയ്തു. 2000 രൂപ കറന്‍സി നോട്ടുകളില്‍ 93 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി സെപ്റ്റംബര്‍ 1ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.

Latest News