WATCH: പിറന്നാള്‍ ദിനത്തില്‍ മെട്രോയില്‍ യാത്ര ചെയ്ത് മോഡി, സഹയാത്രികരുടെ ആശംസ

ന്യൂദല്‍ഹി - എഴുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ ദല്‍ഹി മെട്രോയില്‍ യാത്ര നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സഹയാത്രികരുടെ ആശംസ.  സഹയാത്രികരില്‍ ഒരാള്‍ സംസ്‌കൃതത്തില്‍ ജന്മദിനമാശംസിക്കുന്നതും പാട്ടുപാടുന്നതും ജന്മദിനം ആശംസിച്ചുകൊണ്ട് യാത്രക്കാര്‍ കൈകൊട്ടിപ്പാടുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ദല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് ലൈന്‍ വിപുലീകരണത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തത്. മെട്രോയില്‍ യാത്രക്കാരുമായി സംസാരിക്കുകയും അവര്‍ക്കൊപ്പം ചിത്രമെടുക്കാന്‍ നിന്നുകൊടുക്കുകയും ചെയ്യുന്ന മോഡിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.


എയര്‍പോര്‍ട്ട് ലൈനില്‍ ദ്വാരക സെക്ടര്‍ 21 മുതല്‍ ദ്വാരക സെക്ടര്‍ 25ലെ യശോഭൂമി വരെയുള്ള പുതിയ പാത ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഞായറാഴ്ച മോഡി മെട്രോ ട്രെയിനില്‍ കയറിയത്. പുതിയ പാത തുറക്കുന്നതോടെ ന്യൂദല്‍ഹി മെട്രോ സ്‌റ്റേഷനില്‍നിന്ന് യശോഭൂമിയിലേക്ക് ഇനി 21 മിനിറ്റില്‍ എത്താം. ന്യൂദല്‍ഹിയില്‍നിന്ന് 15 മിനിറ്റുകൊണ്ട് ദല്‍ഹി വിമാനത്താവളത്തിലുമെത്താം. മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 120 കിലോമീറ്ററായി ഉയര്‍ത്തുന്നതോടെയാണിത്.

 

Latest News