പ്രബോധനം വാരികയുടെ മൊബൈൽ ആപ് ദോഹയിൽ ലോഞ്ച് ചെയ്തു

ദോഹ- ഏഴര പതിറ്റാണ്ടായി മലയാളിയുടെ വായനയെ സർഗാത്മകവും ഗുണപരവുമാക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ച പ്രബോധനം വാരികയുടെ മൊബൈൽ ആപ്പ് പ്രകാശനം ചെയ്തു.  ദോഹയിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രബോധനം ചീഫ് എഡിറ്ററും  ജമാഅത്തെ ഇസ് ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗവുമായ ഡോ.കൂട്ടിൽ മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. 
പ്രബോധനത്തിന്റെ സംഭാവനകൾ സമൂഹത്തിനു വലിയ അളവിൽ ദിശ നൽകുന്നതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമുദായ ശുദ്ധീകരണത്തിനും ശാക്തീകരണത്തിനും ഒപ്പം ബഹുസ്വര സാമൂഹികതയുടെ ക്രിയാത്മകതക്കും പ്രബോധനം നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. പുതിയ കാലത്ത് മാനവ സമൂഹത്തിന്റെ തന്നെ മുഖപത്രവും ആധാരവുമാകാനാണ് പ്രബോധനം ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
പ്രബോധനം സീനിയർ സബ് എഡിറ്റർ സദറുദ്ദീൻ വാഴക്കാട്,  ഐ.പി.എച്ച് ചീഫ് എഡിറ്ററും എഴുത്തുകാരനുമായ വി.എ കബീർ എന്നിവർ പ്രസംഗിച്ചു. സി.ഐ.സി പ്രസിഡന്റ് ടി.കെ കാസിം അധ്യക്ഷത വഹിച്ചു. വിമൻ ഇന്ത്യ പ്രസിഡന്റ് നഹ് യ ബീവി, യൂത്ത് ഫോറം പ്രസിഡണ്ട് എസ്.എസ് മുസ്തഫ, ഗേൾസ് ഇന്ത്യ ഖത്തർ പ്രസിഡന്റ് ഖദീജ മൻസൂർ എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ അസീസ് മഞ്ഞിൽ കവിത അവതരിപ്പിച്ചു. ഹബീബു റഹ് മാൻ കിഴിശ്ശേരി സ്വാഗതം പറഞ്ഞു.

Tags

Latest News