ദല്‍ഹി ഗവര്‍ണറുടെ 'സി.സി.ടി.വി റിപോര്‍ട്ട്' മുഖ്യമന്ത്രി കേജ്‌രിവാള്‍ പിച്ചിച്ചീന്തി

ന്യൂദല്‍ഹി- ദല്‍ഹിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും പ്രധാന പൊതുസ്ഥലങ്ങളില്‍ നീരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള ആം ആദ്മി സര്‍ക്കാരിന്റെ പദ്ധതിക്ക് വിലങ്ങിട്ട ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പരസ്യമായി കീറിക്കളഞ്ഞു. കുറ്റകൃത്യങ്ങള്‍ കുറച്ചു കെണ്ടുവരാനാണ് സര്‍ക്കാര്‍ ദല്‍ഹിയില്‍ എല്ലായിടത്തുമായി 1.4 ലക്ഷത്തോളം സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത്. എന്നാല്‍ ഇതിനു പോലീസിന്റെ അനുമതി നിര്‍ബന്ധമാണെന്നായിരുന്നു ലഫ്. ഗവര്‍ണറുടെ റിപോര്‍ട്ട്. നീരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും പോലീസിന്റെ മുന്‍കൂര്‍ ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നായിരുന്നു ലഫ്. ഗവര്‍ണറുടെ റിപോര്‍ട്ട്. എന്നാല്‍ ഇത് കൂടുതല്‍ കോഴ ഇടപാടുകള്‍ക്ക് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേജ്‌രിവാള്‍ എതിര്‍ത്തത്. പോലീസ് അനുമതി വേണ്ടെന്നത് ജനങ്ങളുടെ ഒറ്റക്കെട്ടായ തീരുമാനമാണെന്നു പറഞ്ഞാണ് ഒരു പൊതുപരിപാടിക്കിടെ കേജ്‌രിവാള്‍ റിപോര്‍ട്ട് പിച്ചിചീന്തിയത്.

ദല്‍ഹിയിലെ എല്ലാ റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷനുകളിലും മാര്‍ക്കറ്റ് അസോസിയേഷനുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഒരോ അസോസിയേഷനുകളിലും രണ്ടായിരത്തോളം ക്യാമറകള്‍ സ്ഥാപിക്കും. ഇവ ഒരു കേന്ദ്രീകൃത സെര്‍വറുമായി ബന്ധിപ്പിച്ച് നിരീക്ഷിച്ചു കൊണ്ടിരിക്കും. ഹൈ ഡെഫിനിഷന്‍ ക്വാളിറ്റിയുള്ള വീഡിയോകള്‍ ഒരു മാസം വരെയാണ് സൂക്ഷിക്കുക. പോലീസിനും കോടതിക്കും വിഡിയോ ആവശ്യപ്പെട്ടാന്‍ നല്‍കും. മൊബൈല്‍, ലാപ് ടോപ് എന്നിവ ഉപയോഗിച്ചും നിരീക്ഷിക്കാവുന്ന ക്യാമറാകളാണിത്.

പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും മറ്റിടങ്ങളിലും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തടയാനാണ് ഈ സിസിടിവി ക്യാമറകളെന്ന് കേജ്‌രിവാള്‍ പറഞ്ഞു. ഇതുവഴി കുറ്റകൃത്യങ്ങള്‍ 50 ശതമാനം കുറച്ചു കൊണ്ടുവരാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News